സിഡ്‌നി: ‘അത്ഭുതപ്രവർത്തകനായ സന്യാസി’ എന്ന് ലെബനീസ് ജനത വിശേഷിപ്പിക്കുന്ന വിശുദ്ധ ചാർബെലിൻ്റെ തിരുശേഷിപ്പിന് സിഡ്‌നിയിൽ ഭക്തിനിർഭരമായ സ്വീകരണം. മഴയെ അവഗണിച്ച് ആയിരക്കണക്കിന് മാരോനൈറ്റ് കത്തോലിക്കരാണ് സിഡ്‌നിയിലെ പഞ്ച്ബൗളിൽ തിരുശേഷിപ്പ് വണങ്ങാനായി കാത്തുനിന്നിരുന്നത്. 2,500 റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച സെൻ്റ് ചാർബെലിന്റെ ശരീരമടങ്ങിയ പേടകത്തിൻ്റെ പകർപ്പ് പ്രാർത്ഥനയുടെ അകമ്പടിയോടെ എഴുപതോളം വിശ്വാസികൾ ചേർന്നാണ് വഹിച്ചുകൊണ്ട് വന്നത്.
സ്ഫടിക നിർമിതമായ പേടകത്തിൽ വിശുദ്ധ ചാർബെൽസിൻ്റെ അസ്ഥിയും പൗരോഹിത്യ വസ്ത്രം ധരിച്ച ശരീരത്തിന്റെ പകർപ്പുമാണുണ്ടായിരുന്നത്. പഞ്ച്ബൗൾ റെയിൽവേ സ്റ്റേഷനിൽ തുടങ്ങി, സെന്റ് ചാർബെൽസ് ചർച്ചും മൊണാസ്റ്ററിയും സ്ഥിതി ചെയ്യുന്ന ഹൈക്ലെർ അവന്യൂവിൽ എത്തിച്ചേർന്ന തിരുശേഷിപ്പ് പ്രയാണത്തിന് പ്രായമായവരും കുട്ടികളും ചെറുപ്പക്കാരും അകമ്പടിയേകി. ബാൻഡിൻ്റെ അകമ്പടിയോടെ സ്തുതിഗീതങ്ങൾ ആലപിച്ചും ജപമാല ചൊല്ലിയുമാണ് വിശ്വാസികൾ പേടകത്തെ പിന്തുടർന്നത്. ഇടവകയുടെ 50-ാം ജൂബിലി വർഷവും വിശുദ്ധന്റെ ജന്മദിനവും സംയുക്തമായി ആഘോഷിക്കുന്ന സമയമാണിത്. പ്രത്യേകം തയാറാക്കിയ കല്ലറയിൽ തിരുശേഷിപ്പടങ്ങിയ പേടകം സ്ഥാപിക്കും.
അറിയപ്പെടുന്ന ലെബനീസ് ക്രിസ്ത്യൻ സന്യാസിയാണ് വി. ചാർബെൽ. വിശുദ്ധ ചാർബെലിന്റെ പേരിലുള്ള ലോകത്തിലെ രണ്ടാമത്തെ ആരാധനാലയമാണ് സിഡ്‌നിയിലേത്. വിശുദ്ധൻ്റെ ശരീരമടങ്ങിയ യഥാർത്ഥ പേടകത്തിൻ്റെ മാതൃകയിൽ റോസ്‌ഡ് തടി കൊണ്ടാണ് ഈ പേടകവും നിർമിച്ചത്. തിരുശേഷിച്ച് സ്ഥാപിച്ചതോടെ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി ഓസ്ട്രേലിയയിലെ ഈ ഇടവക മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഘോഷയാത്രയ്ക്ക് ശേഷം ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ മാരോനൈറ്റ് ബിഷപ്പ് അൻ്റോയിൻ-ചാർബെൽ താരാബെ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.
‘സെന്റ് ചാർബെൽ ഒരു പ്രത്യേക വിശ്വാസത്തിനു വേണ്ടിയുള്ള വിശുദ്ധനല്ല; മറിച്ച് എല്ലാ മനുഷ്യരാശിക്കുമുള്ള വിശ്വാസത്തിന്റെ്റെ വിളക്കാണ്. വിശുദ്ധന്റെ അത്ഭുത പ്രവൃത്തികൾ വിശ്വാസത്തിന്റെ ശക്തിയുടെയും നമ്മുടെ സ്രഷ്‌ടാവിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെയും തെളിവായി വർത്തിക്കുന്നു. – ബിഷപ്പ് താരാബെ പറഞ്ഞു.
വിശുദ്ധന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്നത് ലബനോനിലെ അന്നയെ എന്ന സ്ഥലത്തെ ദേവാലയത്തിലാണ്. ക്രിസ്ത്യാനികൾക്കൊപ്പം മുസ്ലിം മത വിശ്വാസികൾക്കും വേണ്ടി പ്രത്യേകം മദ്ധ്യസ്ഥത വഹിക്കുന്ന വിശുദ്ധനാണ് ചാർബെൽ. ലബനീസുകാരനായ ഈ വിശുദ്ധൻ അറിയപ്പെടുന്നത് തന്നെ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്ന വിശുദ്ധൻ എന്നാണ്. അദ്ദേഹത്തിന്റെ കല്ലറ സന്ദർശിച്ച് പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ധാരാളം സൗഖ്യം ലഭിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.






























