ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്‌ൽസിലുള്ള വാച്ചോപ്പിലെ (Wauchope) പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും പൈതൃക പാർക്കുമായ ടിംബർടൗൺ (Timbertown) അൻപതു വർഷത്തെ പ്രവർത്തനത്തിന് ശേഷം സ്ഥിരമായി അടച്ചുപൂട്ടി. 2026 ജനുവരി 28-നാണ് പാർക്ക് അവസാനമായി സന്ദർശകർക്കായി തുറന്നത്. കഴിഞ്ഞ 16 വർഷമായി പാർക്ക് നടത്തിവന്നിരുന്ന ഉടമകളായ ഡേവിഡ്, ആലിസൺ വെയ്റ്റ് എന്നിവർ വിരമിക്കൽ തീരുമാനിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം. പാർക്ക് വിൽക്കാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ എത്തുന്നവർക്ക് അവിടുത്തെ പൈതൃക ഗ്രാമത്തേക്കാൾ താൽപ്പര്യം 35 ഹെക്ടറോളം വരുന്ന ഭൂമിയിലാണെന്ന് ഉടമകൾ വ്യക്തമാക്കി.
കുതിരവണ്ടി യാത്രകൾ, സ്റ്റീം ട്രെയിൻ, പരമ്പരാഗത മരപ്പണികൾ തുടങ്ങിയവയിലൂടെ സഞ്ചാരികളെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്ന ഈ പാർക്കിന്റെ അന്ത്യം വലിയ സങ്കടത്തോടെയാണ് പ്രാദേശിക സമൂഹം കാണുന്നത്. ന്യൂ സൗത്ത് വെയ്‌ൽസിലെ ഇത്തരത്തിലുള്ള അവസാനത്തെ പൈതൃക തീം പാർക്കുകളിൽ ഒന്നായിരുന്നു ഇത്. പാർക്കിലെ പതിനായിരത്തിലധികം വരുന്ന ചരിത്രവസ്തുക്കളും ഉപകരണങ്ങളും 2026 മെയ് മാസത്തിൽ ലേലം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ബാക്കിയാക്കിയാണ് 1976-ൽ ആരംഭിച്ച ഈ വിനോദകേന്ദ്രം പടിയിറങ്ങുന്നത്.






























