അമേരിക്ക: നോര്‍ത്ത് അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ ആഴങ്ങളില്‍ ദുരന്തമായി പര്യവസാനിച്ച അന്തര്‍വാഹിനി ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു.
പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്‍റെ ബാക്കിപത്രം ലോകം കാണുന്നത്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.
അപകടസ്ഥലം മാപ്പ് ചെയ്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് ചീഫ് ഇൻവെസ്റ്റിഗേറ്റര്‍ ക്യാപ്റ്റൻ ജേസണ്‍ ന്യൂബവര്‍ പറഞ്ഞു.അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ലോകമെമ്ബാടുമുള്ള മാരിടൈം ഡൊമെയ്‌നിന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശിപാര്‍ശകള്‍ നല്‍കിക്കൊണ്ട് സമാനമായ ഒരു സംഭവം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യം.
“ജേസണ്‍ വ്യക്തമാക്കി. ന്യൂഫൗണ്ട്‌ലാൻഡിലെ സെന്‍റ് ജോണ്‍സിലെ കനേഡിയൻ കോസ്റ്റ് ഗാര്‍ഡ് പിയറില്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് കപ്പലായ സികാമോര്‍, ഹൊറൈസണ്‍ ആര്‍ട്ടിക് എന്നിവയില്‍ നിന്ന് ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ ഇറക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെ കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞയാഴ്ച ടൈറ്റന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.കണ്ടെത്തിയ അവശിഷ്ടങ്ങള്‍ മുങ്ങിക്കപ്പലില്‍ വിനാശകരമായ മര്‍ദ്ദനഷ്ടം സംഭവിച്ചതിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്ന് യുഎസ്‌സിജി മുമ്ബ് സ്ഥിരീകരിച്ചു.