സിഡ്നി: കണ്ടെയ്‌നറിന്റെ ഉൾവശത്തെ പെയിന്റിൽ അതിവിദഗ്ദ്ധമായി ലഹരിമരുന്ന് കലർത്തി ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ച വൻ റാക്കറ്റിനെ പോലീസ് പിടികൂടി. മെക്സിക്കോയിൽ നിന്നെത്തിയ ഒരു പ്രത്യേക കണ്ടെയ്‌നർ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിന്റെ പരിശോധനാ നായ്ക്കൾ തിരിച്ചറിഞ്ഞതോടെയാണ് ഈ വൻ ലഹരിവേട്ടയ്ക്ക് തുടക്കമായത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെയ്‌നറിന്റെ ഉൾവശത്തെ പെയിന്റിനുള്ളിൽ മെത്താംഫെറ്റാമൈൻ ലെയറായി വേർതിരിച്ച് ചേർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിനോട് അനുബന്ധിച്ച് സിഡ്നിയിലെ ബോക്സ് ഹിൽ (Box Hill) എന്ന സ്ഥലത്തെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ലഹരിമരുന്ന് വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന വ്യാവസായിക ഉപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് 25-ഉം 49-ഉം വയസ്സുള്ള രണ്ട് മെക്സിക്കൻ പുരുഷന്മാരെ (ഇവർ അച്ഛനും മകനുമാണ്) പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. വാണിജ്യ ആവശ്യങ്ങൾക്കായി വൻതോതിൽ നിരോധിത ലഹരിമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. ഇവരോടൊപ്പം ഉണ്ടായിരുന്ന 25 വയസ്സുള്ള ഒരു യുവതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി താൽക്കാലികമായി വിട്ടയച്ചിട്ടുണ്ട്.
നിയമപാലകരെ കബളിപ്പിക്കാൻ ക്രിമിനൽ സംഘങ്ങൾ പല വിചിത്രമായ വഴികളും നോക്കാറുണ്ടെന്നും എന്നാൽ അവയൊക്കെ തകർക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ സുരക്ഷാ ഏജൻസികൾക്ക് ഉണ്ടെന്നും സിഡ്നി പോലീസ് വക്താക്കൾ അറിയിച്ചു.






























