സിഡ്നി: പുതുവത്സരാഘോഷത്തിനിടെ സിഡ്‌നിയിലും മെൽബണിലും രണ്ട് കൗമാരക്കാർക്ക് കുത്തേറ്റു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെൻട്രൽ സിഡ്‌നിയിൽ നിന്ന് 20 കിലോമീറ്റർ അകലെ ഗിൽഡ്‌ഫോർഡിൽ ഒരു പാർക്കിൽവെച്ചാണ് രാത്രി പത്തോടെ 17 വയസുകാരന് പിന്നിൽ നിന്ന് കുത്തേറ്റത്. ഒരു സംഘം പുരുഷന്മാരാണ് ആക്രമണത്തിന് പിന്നിൽ. ഇവർ അനധികൃതമായി പാർക്കിൽ പടക്കം പൊട്ടിച്ചതായി സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. കൗമാരക്കാരന്റെ പരിക്ക് ഗുരുതരമാണ്. അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പുതുവത്സരാഘോഷങ്ങൾക്കായി ദശലക്ഷത്തിലധികം ആളുകളാണ് നഗരത്തിലേക്ക് എത്തിയത്. വിവിധ അക്രമ സംഭവങ്ങളിലായി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്‌ടിലുടനീളം (സി.ബി.ഡി) പൊലീസ് 36 പേരെ അറസ്റ്റ് ചെയ്തു. ആക്രമണം, കവർച്ച, ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾക്കാണ് അറസ്റ്റ്.
മെൽബണിൽ കടൽത്തീര പ്രദേശമായ ബ്ലെയർഗൗറിയിൽ വൈകുന്നേരം 5:45 നാണ് ഒരു കൗമാരക്കാരന് കുത്തേറ്റത്. ജീവന് അപകടകരമല്ലാത്ത പരിക്കുകളോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടാതെ, അമ്പതിലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയുധങ്ങൾ കൈവശം വച്ചതിന് 14 പേരെ അറസ്റ്റ് ചെയ്‌തു. അനധികൃത പടക്കങ്ങൾ നഗരത്തിലുടനീളം നിരവധി ചെറിയ തീപിടിത്തങ്ങൾക്ക് കാരണമായങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.































