ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗീകാരം നൽകി. ബ്രിട്ടൻ, ഫ്രാൻസ്, സൊമാലിയ ഉൾപ്പെടെ 13 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആരും എതിർത്ത് വോട്ട് ചെയ്തില്ല. ഹമാസിനെ നിരായുധീകരിക്കുക, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കുക, ഗാസയുടെ ഭരണ നിർവഹണത്തിന് പ്രത്യേക സമിതി ഉണ്ടാക്കുക തുടങ്ങി ഇരുപത് നിർദേശങ്ങൾ ആയിരുന്നു ട്രംപ് മുന്നോട്ടുവെച്ചത്.
പലസ്തീൻ രാഷ്ട്രം
ഭാവിയിൽ ഒരു പലസ്തീൻ രാഷ്ട്രം എന്ന സാധ്യതയെ പറ്റി പദ്ധതിയിൽ പറയുന്നുണ്ട്. അറബ് രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ആണ് ഇത് ഉൾപ്പെടുത്തിയത്. എന്നാൽ, പലസ്തീൻ രാഷ്ട്രം എന്ന നിർദേശത്തെ ഇസ്രായേൽ ശക്തമായി എതിർക്കുന്നുണ്ട്. ഇതിനിടയിലാണ് യുഎൻ രക്ഷാ സമിതി സമാധാന പദ്ധതി അംഗീകരിച്ചിരിക്കുന്നത്. സമാധാന പദ്ധതിയെ പിന്തുണയ്ക്കില്ല എന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.






























