25- ാം വിവാഹ വാര്‍ഷികാഘോഷത്തിനിടെ അതിഥികളെയും ഭാര്യയെയും അത്ഭുതപ്പെടുത്തിയ ഭര്‍ത്താവ്, സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ഹൃദയം കവര്‍ന്നു. ആഘോഷ വേദിയില്‍ വച്ച് അദ്ദേഹം ഒരു ബോളിവുഡ് ഗാനത്തിന് ചുവട് വച്ചപ്പോൾ സമൂഹ മാധ്യമ ഉപയോക്താക്കളും ഒപ്പം ചേര്‍ന്നു. ഷാരൂഖ് ഖാന്‍റെ കഭി ഖുഷി കഭി ഗാമിൽ നിന്നുള്ള ‘യേ ലഡ്ക ഹേ അള്ളാ’. എന്ന ഗാനത്തിനായിരുന്നു അദ്ദേഹം മനോഹരമായി ചുവട് വച്ചത്.
വിവാഹ വാര്‍ഷികാഘോഷത്തിനായി എത്തിയ നിരവധി അതിഥികൾക്ക് നടുവില്‍ നിന്നാണ് ഭര്‍ത്താവ്, ഭാര്യയെ നോക്കിക്കൊണ്ട് പാട്ടിനൊപ്പിച്ച് ചുവട് വച്ചത്. ആദ്യം ചെറിയ സങ്കോചമൊക്കെ അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും ഒടുവിലെത്തുമ്പോഴേക്കും അദ്ദേഹം തന്‍റെ നൃത്തത്തില്‍ പൂര്‍ണ്ണമായും മുഴുകുകയും സിനിമയിലെ രംഗങ്ങൾ ആവര്‍ത്തിക്കുകയും ചെയ്യുന്നു. സാക്ഷി ബിഷ്ത് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ ഉള്ളത്. ആദ്യഭാഗം ഇതിനകം 19 ലക്ഷം പേരാണ് കണ്ടത്. രണ്ടാം ഭാഗം മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകൾ കണ്ടു കഴിഞ്ഞു.






























