റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: സോണിലെ സിബിഎസ്ഇ സ്കൂളുകൾക്കായി സംഘടിപ്പിച്ച അണ്ടർ-14 ഫുട്ബോൾ ടൂർണമെന്റിൽ കിരീടമുയർത്തി അലിഫ് ഇന്റർനാഷണൽ സ്കൂൾ. സോണിലെ പത്തോളം സ്കൂളുകൾ മാറ്റുരച്ച ടൂർണമെന്റിൽ മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് അലിഫ് ജേതാക്കളായത്. നിശ്ചിത സമയത്ത് സമനിലയായതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് അലിഫ് ചാമ്പ്യൻസ് ട്രോഫി നേടിയത്.
വിജയികൾക്ക് അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂരിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. അലിഫ് ഫുട്ബോൾ ടീമിന് മികച്ച പരിശീലനം നൽകിയ കായിക അധ്യാപകൻ ഷംസാദിനെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. പ്രിൻസിപ്പൽ അബ്ദുൽ മജീദ്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, മാനേജർ മുഹമ്മദ് അൽ ഖഹ്താനി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാബാനു എന്നിവർ പങ്കെടുത്തു.