കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന്‍, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡ് എന്നാണ് പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാല്‍, പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാസർകോട് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണാൻ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി പിണറായി ആണ്. അദ്ദേഹം ഞങ്ങളെ പരിഹസിച്ചത് കൊണ്ടാണ് സമരം ഇത്ര ശക്തമാക്കുന്നത്. സത്യാഗ്രഹ സമരത്തിൽ നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോവെന്ന് സതീശന്‍ ചോദിച്ചു. സിപിഎമ്മിന്റെ പ്രതിരോധ ജാഥ എന്ന പേര് ആ ജാഥയ്ക്ക് യോജിക്കുമെന്നും എല്ലാ തരത്തിലും പ്രതിരോധത്തിലാണ് സിപിഎമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.ആകാശിനെ വിഷമിപ്പിക്കരുതെന്നാണ് നൽകിയിരിക്കുന്ന നിർദേശമെന്നും ആകാശ് വാ തുറന്നാൽ പലരും കുടുങ്ങുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂർ പ്രവർത്തക സമിതിയംഗം ആകാൻ യോഗ്യനാണോ എന്ന് തീരുമാനിക്കാൻ ഞാൻ ആളല്ലെന്നും അത് തന്റെ പരിധിയിൽ പെടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എം പി എന്നുള്ള നിലയിൽ എല്ലാ കോൺഗ്രസ് എം പിമാരും നല്ല പ്രവർത്തനമാണ് നടത്തുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.