ന്യൂഡല്‍ഹി: ഇന്ത്യൻ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ കൂടാതെ സന്ദര്‍ശിക്കാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്. അതിന്റെ പട്ടികയിലേക്ക് അടുത്തിടെ ഇടം പിടിച്ച രണ്ട് രാജ്യങ്ങളായിരുന്നു ശ്രീലങ്കയും തായ്‌ലാൻഡും.
യാത്രകള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയായിരുന്നു അത്. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കും തായ്‌ലാൻഡിനും പിന്നാലെ വിയറ്റ്‌നാമും സൗജന്യ വിസ നല്‍കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
രാജ്യത്തെ ടൂറിസം സെക്ടറിന് പുതുജീവൻ നല്‍കുന്നതിനായി കൂടുതല്‍ രാജ്യങ്ങള്‍ക്ക് സൗജന്യ വിസ നല്‍കാനുള്ള തീരുമാനം സ്വീകരിക്കുമെന്ന് വിയറ്റ്‌നാം സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സാസ്‌കാരിക-കായിക-ടൂറിസം വകുപ്പ് മന്ത്രി ഗ്യുൻ വാൻ ജുംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് സൗജന്യ വിസ നല്‍കുമെന്നാണ് പ്രഖ്യാപനം. ജര്‍മ്മനി, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, സ്‌പെയിൻ, ഡെൻമാര്‍ക്ക്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗജന്യ വിസ നേരത്തെ ലഭ്യമാണ്.
കഴിഞ്ഞ പത്ത് മാസത്തിനിടെ ഏകദേശം 10 ദശലക്ഷം അന്താരാഷ്‌ട്ര വിനോദസഞ്ചാരികളാണ് വിയറ്റ്‌നാമിലെത്തിയത്. കൊറോണ മഹാമാരിക്ക് മുമ്ബ് വരെ 1.7 ലക്ഷത്തോളം ഇന്ത്യക്കാര്‍ വിയറ്റ്‌നാം സഞ്ചരിച്ചിരുന്നു. സൗജന്യ വിസ ലഭ്യമാക്കുന്നതോടെ കൂടുതല്‍ ഇന്ത്യക്കാരെ വിയറ്റ്നാമിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.