തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു. ബാങ്കിലെ അക്കൗണ്ടന്‍റായ ജിൽസും കസ്റ്റഡിയിലാണ്. തട്ടിപ്പിന്‍റെ വ്യാപ്തി എത്രത്തോളമുണ്ട്, ആർക്കൊക്കെ അറിവും പങ്കാളിത്തവുമുണ്ട് എന്നറിയാനാണ് എൻഫോഴ്സ്മെന്‍റ് ശ്രമിക്കുന്നത്. അരവിന്ദാക്ഷന്‍റെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യം പുറത്തുവരുമെന്നാണ് ഇഡി തന്നെ കോടതിയെ അറിയിച്ചത്.ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് നാല് മണിയോടെ ഇരുവരേയും കോടതിയിൽ ഹാജരാക്കും. സിപിഎം സംസ്ഥാന സമിതി അംഗവും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം കെ കണ്ണനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു.
കരുവന്നൂരിൽ രാഷ്ട്രീയ വേട്ടക്ക് ഇഡി ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്. കരുവന്നൂരിലെ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേതാക്കള്‍ക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ പാത്രം മൊത്തം കളയുക അല്ലല്ലോ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബഹു ഭൂരിപക്ഷം സഹകരണ സംഘങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 16255 സംഘങ്ങളിലും പരിശോധന നടക്കുന്നുണ്ട്. 98.5 സഹകരണ മേഖലയും കുറ്റമറ്റതാണ്. കേന്ദ്ര നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.