വാഷിംഗ്ടണ്‍: അമേരിക്കയിലെ ദ്വീപ് സംസ്ഥാനമായ ഹവായിയില്‍ ദിവസങ്ങള്‍ക്കു മുമ്ബുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു.അഗ്നി പടര്‍ന്ന് ചാരമായ മൗവി ദ്വീപിലെ ലഹൈന പട്ടണത്തില്‍ പരിശോധന നാലിലൊന്ന് പൂര്‍ത്തിയായപ്പോള്‍ 100 മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദിവസവും 10-20 മൃതദേഹങ്ങള്‍ കണ്ടെത്തുന്നതായും വരുംനാളുകളില്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരിശീലനം സിദ്ധിച്ച 20 നായ്ക്കളുടെ സഹായത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്.
വീടുകള്‍ക്കു പുറമെ കത്തിക്കരിഞ്ഞ വാഹനങ്ങളിലും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കഴിഞ്ഞയാഴ്ച മണിക്കൂറുകള്‍ക്കിടെ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ തീരദേശ പട്ടണമായ ലഹൈന സമ്ബൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. 12,000 ജനസംഖ്യയുള്ള പട്ടണത്തില്‍ ഭൂരിപക്ഷവും രക്ഷപ്പെട്ടപ്പോള്‍ എത്ര പേര്‍ ദുരന്തത്തിനിരയായെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. പല മൃതദേഹങ്ങളും അഴുകിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനവും തിരിച്ചറിയലും ദുഷ്‍കരമാക്കിയിട്ടുണ്ട്. 1300 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 100 മൃതദേഹങ്ങള്‍ ലഭിച്ചതില്‍ മൂന്നു പേരെ മാത്രമാണ് വിരലടയാളംവെച്ച് തിരിച്ചറിയാനായത്. ഡി.എൻ.എ പരിശോധനക്കായി ബന്ധുക്കളോട് ഡി.എൻ.എ സാമ്ബിളുകള്‍ നല്‍കാൻ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങള്‍ തകരുമെന്ന ആശങ്കയും വായുവിലെ രാസമാലിന്യങ്ങളും അന്വേഷണസംഘത്തെ കുഴക്കുന്ന വിഷയങ്ങളാണ്. ദിവസങ്ങള്‍ക്കു മുമ്ബുവരെ തിരക്കുപിടിച്ച കടകളും റസ്റ്റാറന്റുകളുമായിരുന്ന പട്ടണമാണ് ദുരന്തഭൂമിയായി മാറിയത്.
യു.എസിലും കാനഡയിലും ഇപ്പോഴും അത്യുഷ്ണം തുടരുകയാണ്. ഇത് കാട്ടുതീക്ക് കാരണമായോ എന്നാണ് അന്വേഷിച്ചുവരുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ മാത്രം ലഹൈനയില്‍ തീയെടുത്തിട്ടുണ്ട്. അനേകായിരം വാഹനങ്ങളും കത്തിയമര്‍ന്നു.