അയോധ്യ രാമക്ഷേത്രം ഉദ്ഘാടനത്തിന് പിന്നാലെ ഇന്ത്യയില്‍ ഇപ്പോള്‍ ‘ഭക്തി ടൂറിസ’ത്തിന് വലിയ ഡിമാന്‍റാണ്. രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രകളില്‍ തുടങ്ങി പല തരത്തിലാണ് ഭക്തി ടൂറിസം ശക്തി പ്രാപിക്കുന്നത്. ഒരു ഭാഗത്ത് ഭക്തി ടൂറിസം ശക്തി പ്രാപിക്കുമ്പോള്‍ പ്രധാന ക്ഷേത്രങ്ങളിലെത്തുന്ന ഭക്തരില്‍ നിന്ന് പല തരത്തിലുള്ള പിടിച്ച് പറികള്‍ നടക്കുന്നുവെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകള്‍ തെളിവ് നല്‍കുന്നു. ഒരു ചായയ്ക്കും ബ്രഡ്ഡിനും 10 രൂപയ്ക്ക് നല്‍കണമെന്നാണ് അയോധ്യയിലെ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ കൊടുത്ത നിർദ്ദേശമെങ്കിലും 250 രൂപയ്ക്ക് മുകളില്‍ ചായയ്ക്കും രണ്ട് കഷ്ണം ബ്രഡ്ഡിനും വാങ്ങിയെന്ന് കഴിഞ്ഞ ദിവസമാണ് ഒരു ഭക്തന്‍ എഴുതിയത്. ഇതിന് പിന്നാലെ വാരണാസിയില്‍ നുന്നും മറ്റൊരു മോഷണ വാര്‍ത്തയെത്തി.
സാറ എന്ന യുവതിയാണ് തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ ഈ വിവരം പങ്കുവച്ചത്. ഇതിനകം എട്ട് ലക്ഷത്തോളം പേര്‍ സാറയുടെ കുറിപ്പ് വായിച്ച് കഴിഞ്ഞു. സാറ ഇങ്ങനെ എഴുതി,’ അവസാനം ഇതെഴുതാനുള്ള ധൈര്യം സംഭരിച്ചു. എന്‍റെ 4 മാസം പ്രായമുള്ള ഐഫോൺ 13 വാരണാസി നയി സരക് ചൗക്കിൽ നിന്ന് (കാശി വിശ്വനാഥിനും ദശശ്വമേധ് ഘട്ടിനും സമീപം) നിന്ന് പോക്കറ്റ് അടിച്ചു. ഇതിന്‍റെ സിസിടിവിയിൽ ദൃശ്യം കൈയിലുണ്ട്. അതിന്‍റെ ലൊക്കേഷനും എന്‍റെ പക്കലുണ്ട്, ഞങ്ങൾ എഫ്ഐആർ ഫയൽ ചെയ്തു, പക്ഷേ, യുപി പോലീസിന് എന്നെ സഹായിക്കാൻ കഴിയുന്നില്ല.’ സ്മാര്‍ട്ട് ഫോണുകള്‍ മോഷണം പോയാല്‍ കണ്ടെത്താന്‍ ഇപ്പോള്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഐഫോണാണ് മോഷണം പോകുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ലോക്കേഷന്‍ കണ്ടെത്തി അവ തിരിച്ചെടുക്കാന്‍ സാധിക്കും. ഫോണിന്‍റെ ലോക്കേഷന്‍ തന്‍റെ കൈവശമുണ്ടെന്ന് യുവതി അറിയിച്ചിട്ടും അത് കണ്ടെത്താന്‍ യുപി പോലീസിന് കഴിഞ്ഞിട്ടില്ലെന്നും യുവതിയുടെ സാമൂഹിക മാധ്യമ കുറിപ്പില്‍ വ്യക്തം.






























