സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 41-ാം വയസിലാണ് താരം ബൂട്ട് അഴിച്ചുവെക്കുന്നത്.
ഇറ്റാലിയൻ ക്ലബ് എസി മിലാന് വേണ്ടിയായിരുന്നു താരം അവസാനമായി കളിച്ചത്. ഈ സീസണിന് ശേഷം താരം ക്ലബ് വിടുമെന്ന് നേരത്ത അറിയിച്ചിരുന്നു. എന്നാല്‍, വളരെ അപ്രതീക്ഷിതമായാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിഹാസ തുല്യമായ കരിയറിലൂടെ ലോക ഫുട്ബോളില്‍ തന്റേതായ സ്ഥാനം രേഖെപ്പെടുത്തിയ സ്ലാട്ടൻ ലോക ഫുട്ബോളിലെ മുൻ നിര ക്ലബ്ബുകള്‍ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്.
വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ചാമ്ബ്യൻസ് ലീഗ് കളിച്ചെങ്കിലും ഒരു തവണ പോലും കിരീടത്തില്‍ മുത്തമിടാൻ സാധിച്ചില്ലെന്ന വേദനയോടെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിക്കുന്നത്. സ്വീഡനിലെ മാല്‍മോ ക്ലബ്ബിലൂടെ കളിച്ചു തുടങ്ങിയ താരം, പിന്നീട് നെതെര്‍ലാൻഡ് ക്ലബ് അയാക്സ്, ഇറ്റാലിയൻ ക്ലബ്ബുകളായ യുവന്റസ്, ഇന്റര്‍മിലാൻ, എസി മിലാൻ, സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്സലോണ, ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മൈൻ, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയ്ക്കായി യൂറോപ്പില്‍ ബൂട്ട് കെട്ടി.