തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിൽ നടത്തേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരട് പ്രസംഗം രാജ്ഭവൻ സർക്കാരിന് കൈമാറി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലേക്ക് ആവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 15-ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനത്തിന് 23ന് തുടക്കമാകും.
ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നന്ദിപ്രമേയ ചർച്ച നടക്കും. പത്തിന് താത്ക്കാലികമായി സഭ പിരിയും. ഫെബ്രുവരി അവസാനം നിയമസഭ വീണ്ടും ചേരും. അടുത്ത സാമ്പത്തിക വർഷത്തിന് മുമ്പ് ബജറ്റ് സമ്പൂർണമായി പാസാക്കാനാണ് ലക്ഷ്യമിടുന്നത്.
ഗവർണർ-സർക്കാർ പോര് അതിരൂക്ഷമായി തുടരവെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ മടങ്ങിവരവ് എതിർക്കാതിരുന്നതും ഭരണാഘടനാപരമായ ചുമതലകൾ നിർവഹിക്കുമെന്ന ഗവർണറുടെ പ്രഖ്യാപനവും ഇരുവിഭാഗത്തിനിടയിൽ മഞ്ഞുരുക്കത്തിന് കാരണമായിരുന്നു. ഗവർണറോട് അനുനയ വാതിൽ തുറക്കുന്നതാണ് ഈ തീരുമാനമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്.
STORY HIGHLIGHTS: Governor approved the draft of the policy announcement speech