കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്മെന്റ് ആർടിഒ ബിജു ഐസക്. പ്രതിയായ സുഹൈൽ സജീവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ടെന്നും ബിജു ഐസക് പറഞ്ഞു.
ശക്തമായ തുടർനടപടികൾ ഉണ്ടാകും. സുഹൈൽ സ്ഥിരമായി നിയമലംഘനം നടത്തിയിരുന്നോ എന്ന് പരിശോധിക്കും. നിയമം ലംഘിച്ചാൽ പിടിവീഴും. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ട. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ പരിശോധന കർശനമാക്കുമെന്നും എൻഫോസ്മെന്റ് ആർടിഒ അറിയിച്ചു.
അതേസമയം നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി സുഹൈൽ സജീവി (19) നെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനും മത്സരയോട്ടം നടന്നോ എന്ന് പരിശോധിക്കാനും ഉൾപ്പെടെ ആണ് പൊലീസിൻ്റെ തീരുമാനം. സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസ് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. പ്രതിയുടെ ഫൊറൻസിക് പരിശോധന റിപ്പോർട്ട് എത്രയും വേഗം ലഭിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് പൊലീസ്. പ്രതിയെ സംരക്ഷിക്കാൻ ഒത്തുകളി നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ ആണ് പൊലീസ് നടപടി. സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ജാമ്യാപേക്ഷ നാളെയാണ് കോടതിക്ക് മുമ്പാകെ എത്തുക.
ശനിയാഴ്ച അർധരാത്രിയിലാണ് സുഹൈൽ ഓടിച്ച മിനി കൂപ്പർ കാർ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്ക്കാട് സ്വദേശി ഗോപിക, കര്ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. സുഹൃത്തുക്കള്ക്കൊപ്പം വൈകിട്ട് പുറത്തിറങ്ങിയ മൂന്നുപേരും നെടുമ്പാശേരിയില് നിന്ന് രാത്രി തിരികെ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. തുടർന്ന് നാട്ടുകാർ പിടിച്ചുവെച്ചാണ് പ്രതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയത്. ഇതിനിടെ പ്രതി എല്ലാം ബാപ്പ നോക്കിക്കോളുമെന്ന് നാട്ടുകാരോട് ആക്രോശിച്ചിരുന്നു.





























