കൊച്ചി: എറണാകുളത്ത് ജൂതപ്പള്ളിക്ക് മുൻപിൽ തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പൊലീസും കേന്ദ്ര ഏജൻസികളും. സംഭവത്തില് അറസ്റ്റിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ കണ്ടെത്തി. തീയിടുന്നത് ഇയാൾ ഫോണിൽ ചിത്രീകരിച്ച് ചിലർക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും സമാന ശ്രമം നടത്തിയതായി വിവരം. ഐബിയും എന്ഐഎയും പൊലീസും എബിനെ ചോദ്യം ചെയ്തു. പ്രതിയുടെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.
എറണാകുളം കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിൽ ദുരൂഹ ചാറ്റുകൾ കണ്ടെത്തിയതിനെ തുടര്ന്നാണ് സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയിലേക്ക് പൊലീസ് എത്തിയത്. തീയിട്ടത് പ്രതി ഫോണിൽ ചിത്രീകരിച്ച് ചിലർക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ഇയാൾ തീവെച്ചിട്ടുണ്ട്. പ്രതിയെ ഇന്റലിജൻസ് ബ്യൂറോ, എൻഐഎ, പൊലീസ് എന്നിവർ ചോദ്യം ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രാസ ലഹരിയും കണ്ടെത്തി. പ്രതിയുടെ മാനസികനിലയും പൊലീസ് പരിശോധിക്കുന്നുണ്ട്.






























