ടെഹ്റാൻ: തെരുവിൽ ഡാൻസ് കളിച്ച ദമ്പതികൾക്ക് പത്ത് വർഷം ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. ഈ വീഡിയോ ഇന്സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റം ഇവർക്കെതിരെ ഇറാൻ പൊലീസ് ചുമത്തി
രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ദേശീയ സുരക്ഷയെ അപകടപ്പെടുത്തി എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നു. നിലവിലെ മത നിയമങ്ങൾക്കെതിരായ പ്രതിഷേധ സൂചകമായാണ് യുവാക്കൾ പൊതു സ്ഥലത്ത് നൃത്തം ചെയ്തത്. ഡാൻസിംഗ് കപ്പിൾസ് എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരും ഫോളോവേഴ്സും ഉണ്ട്.





























