എടത്വാ: സ്വകാര്യ ആശുപത്രിയിലെ ട്രെയിനിങ് കഴിഞ്ഞ് എത്തേണ്ടിയിരുന്ന മകന്റെ വരവുകാത്തിരുന്ന അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച വൈകിട്ട് ട്രെയിനിങിനായി പുറപ്പെട്ട എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവിന്റെ (19) ചേതനയറ്റ ശരീരമാണ് മാതാവ് പ്രീതി, എടത്വയിലെ സ്വകാര്യ മോർച്ചറിക്ക് മുന്നിൽ വെച്ച് കാണുന്നത്.
ഇന്ന് രാവിലെ 8.30 ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചുണ്ടായ അപകടത്തിലാണ് രോഹിത് മരണപ്പെട്ടത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റിവന്ന മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ച രോഹിതിന്റെ മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു.































