ദില്ലി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ അധിക താരിഫ് പിൻവലിച്ച് യുഎസ് കസ്റ്റംസ് വിജ്ഞാപനം ഇറക്കി. നേരത്തെ ചുമത്തിയിരുന്ന 25 ശതമാനം പിഴ താരിഫാണ് പിൻവലിച്ചത്. ഇതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നൽകിയിരുന്നു. എന്നാൽ താരിഫ് 18 ആക്കാനുള്ള ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല.
ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനമെങ്കിലും, വ്യാപാര ലോകത്ത് പൂർണ്ണമായ വ്യക്തത ഇനിയും കൈവന്നിട്ടില്ല. ബംഗ്ലാദേശിലെ ടെക്സ്റ്റൈൽസ് (തുണിത്തരങ്ങൾ) മേഖലയ്ക്ക് അമേരിക്ക അധിക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ വസ്ത്രക്കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം അമേരിക്കയിൽ നിന്നുള്ള പയറുവർഗങ്ങൾ നികുതിയില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കരാറിൽ ധാരണയായെന്ന യുഎസ് അവകാശവാദം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ പയറുവർഗങ്ങൾക്ക് ഇന്ത്യ നികുതിയിളവ് നൽകിയെന്ന വാർത്ത പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു. ഇത് ആഭ്യന്തര കർഷകരെ ദോഷകരമായി ബാധിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പുതിയ വ്യാപാര അടുപ്പം തങ്ങളുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യയുടെ സ്വയംഭരണാധികാരത്തിൽ വിശ്വാസമുണ്ടെന്നും റഷ്യൻ വക്താക്കൾ അറിയിച്ചു.































