പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ തൃശൂർ സ്വദേശിയായ യുവാവിനെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂർ വീട്ടില്‍ സിബിൻ കെ. വർഗീസി(33)നെയാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഇൻസ്പെക്ടർ എസ്‌എച്ച്‌ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
വയനാട് സ്വദേശികളില്‍നിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസിലാണ് സിബിൻ അറസ്റ്റിലായത്.തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്ബോഴാണു പിടിയിലാകുന്നത്.
2023 ഓഗസ്റ്റിലാണ് ഇയാള്‍ പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. ജോലി വാഗ്ദാനം ചെയ്ത് തലപ്പുഴ, പേര്യ സ്വദേശിയില്‍നിന്ന് 2,50,622 രൂപയും ഇദ്ദേഹത്തിന്റെ സുഹൃത്തില്‍നിന്ന് 50,000 രൂപയും പല തവണകളായി സിബിൻ കെ. വർഗീസ് വാങ്ങിയെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല എന്നായിരുന്നു പരാതി. തലപ്പുഴ സബ് ഇൻസ്പെക്ടർ എസ്‌പി. ഷിബു, അസി. സബ് ഇൻസ്പെക്ടർ ഷൈജു, സിവില്‍ പൊലീസ് ഓഫിസറായ രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.






























