തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം. കെ സി വേണുഗോപാൽ- വിഡി സതീശൻ പക്ഷങ്ങളുടെ പോര് ബോധപൂർവമാണെന്നാണ് സൂചന. കെ സുധാകരന് പിന്നാലെ കെസിയെ പിന്തുണച്ച് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയത് കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് വിലയിരുത്തൽ. എംപിമാരുടെ പിന്തുണ ഉറപ്പാക്കാനും ഘടകകക്ഷികളെ ചേർത്ത് നിർത്താനും ശ്രമം നടന്നുവരികയാണ്. കെസിയെ ഉയർത്തിക്കാട്ടുന്നതിനെതിരെയുള്ള വിഡി സതീശൻ പക്ഷ നീക്കങ്ങളും ആസൂത്രിതമാണ്. അതേസമയം, മുഖ്യമന്ത്രി തർക്കങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെയല്ല തീരുമാനിക്കുന്നതെന്ന് എഐസിസി വൃത്തങ്ങൾ പറയുന്നു. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ പാർട്ടിക്ക് വ്യക്തമായ വഴികളുണ്ടെന്നും നേതൃത്വം പറയുന്നു. മുഖ്യമന്ത്രി ചർച്ചകൾ പാടില്ലെന്ന് രാഹുൽ ഗാന്ധി തന്നെ നിർദ്ദേശിച്ചതാണെന്നും ഉയരുന്നുണ്ട്. എന്നാൽ ഇതിന് മറി കടന്നുകൊണ്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്.




























