അരോൺ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ ഒന്നര വയസ്സുള്ള വയസ്സുള്ള മകനെ റോഡിലെറിഞ്ഞ് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അരോൺ സ്വദേശിയായ രതിയുടെ മകൻ ആരവ് ആണ് കൊല്ലപ്പെട്ടത്. പ്രതി ജിതേന്ദ്ര പഥക് എന്ന വിരാജ് പൊലീസ് അറസ്റ്റിൽ. ഒളിവിൽ പോയ പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടിയത് സാഹസികമായി. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതകം നടക്കുന്നത്. ഫിറോസാബാദിലെ അരോൺ സ്വദേശിയാണ് രതിയുടെ മകനായ ആരവ്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി രതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. അതിനിടെയിലാണ് ബൂതോൺ സ്വദേശിയായ ജിതേന്ദ്ര പഥക് എന്ന വിരാജ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. വിവാഹം കഴിക്കാൻ പ്രതി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
എന്നാൽ തനിക്ക് ഒരു മകനുള്ളതിനാൽ വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. ഇതേത്തുടർന്ന് കുട്ടിയാണ് തന്റെ വിവാഹത്തിന് തടസ്സമെന്ന് കരുതിയ പ്രതി കുട്ടിയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയാണ് രതി സ്വന്തം വീട്ടിലെത്തുന്നത്. ഈ സമയം വിരാജും ഇതേ വീട്ടിൽ എത്തി. പിന്നാലെ മിഠായി വാങ്ങിനൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി ക്രൂരമായി തറയിലിടിച്ചു കൊലപ്പെടുത്തി.



























