ഹോബാർട്ട്: ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുള്ള സാൽമൺ മത്സ്യക്കൃഷി കേന്ദ്രങ്ങളിൽ കഴിഞ്ഞ വേനൽക്കാലത്ത് അഞ്ച് ടണ്ണിലധികം (5.4 ടൺ) ആന്റിബയോട്ടിക് ഉപയോഗിച്ചതായി സാൽമൺ വ്യവസായ ഗ്രൂപ്പായ ‘സാൽമൺ ടാസ്മാനിയ’ സ്ഥിരീകരിച്ചു. ‘ഫ്ലോർഫെനികോൾ’ (Florfenicol) എന്ന ഈ ആന്റിബയോട്ടിക് വൻതോതിൽ പൊതുജലാശയങ്ങളിൽ കലർന്നത് പ്രദേശത്തെ പരിസ്ഥിതിയെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാക്കിയിരിക്കുകയാണ്.
മത്സ്യങ്ങളെ ബാധിച്ച മാരകമായ ബാക്ടീരിയൽ രോഗത്തെ (P. salmonis) പ്രതിരോധിക്കാനാണ് ഈ മരുന്ന് ഉപയോഗിച്ചതെന്നാണ് കമ്പനികളുടെ വാദം. എന്നാൽ ഇത്രയധികം മരുന്നുകൾ പ്രയോഗിച്ചിട്ടും ഏകദേശം 9,000 ടൺ സാൽമൺ മത്സ്യങ്ങൾ ചത്തുപൊങ്ങി.
ഫാമുകളിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള മറ്റ് കാട്ടു മത്സ്യങ്ങളിലും കടൽ ജീവികളിലും ഈ ആന്റിബയോട്ടിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ ഇതിന്റെ ഉപയോഗം അധികൃതർ നിരോധിച്ചിരുന്നു. കൂടാതെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഈ പ്രദേശങ്ങളിൽ നിന്നുള്ള വാണിജ്യ മത്സ്യബന്ധനത്തിന് സർക്കാർ താൽക്കാലിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും വലിയ അളവിൽ മരുന്ന് ജലാശയങ്ങളിലേക്ക് ഒഴുക്കിവിട്ടത് സാൽമൺ വ്യവസായത്തിന്റെ വൻ വീഴ്ചയാണെന്ന് രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി സംഘടനകളും ആരോപിച്ചു. കടലിലെ ഫാമുകൾക്ക് പകരം ഇവ പൂർണ്ണമായും കരയിലേക്ക് മാറ്റണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. എന്നാൽ ഭാവിയിൽ രോഗപ്രതിരോധ കുത്തിവെയ്പ്പുകളും ശാസ്ത്രീയമായ പ്രജനന രീതികളും വഴി ഈ പ്രതിസന്ധി മറികടക്കുമെന്നും, ആവശ്യമെങ്കിൽ വീണ്ടും അനുമതിയോടെ ആന്റിബയോട്ടിക് ഉപയോഗിക്കുമെന്നുമാണ് സാൽമൺ വ്യവസായ രംഗത്തെ അധികൃതർ വ്യക്തമാക്കുന്നത്.































