രാജ്കോട്ട്: സ്ത്രീയാണെന്ന വ്യാജേന അടുപ്പംസ്ഥാപിച്ച് കബളിപ്പിച്ച പുരുഷനെ ശല്യം സഹിക്കവയ്യാതെ യുവാവ് കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ചന്ദൻകുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഉത്തർപ്രദേശ് സ്വദേശി പീയുഷ് കുമാർ ഖർവാറി(20)നെ പൊലീസ് അറസ്റ്റ്ചെയ്തു.
ജൂൺ 25-ന് രാജ്കോട്ടിലെ റെയിൽവേട്രാക്കിന് സമീപം അഴുകിയനിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് അരുംകൊല പുറത്തറിയുന്നത്. സ്ത്രീവേഷം ധരിച്ച പുരുഷന്റെ മൃതദേഹമാണ് അഴുകിയനിലയിൽ കണ്ടെത്തിയത്. അപകടമരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന സംശയമുണ്ടായി. ഇതോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പീയുഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ സംഭവം കൊലപാതകമാണെന്നും കൊല്ലപ്പെട്ടത് ചന്ദൻകുമാർ എന്നയാളാണെന്നും ഇയാൾ വെളിപ്പെടുത്തി.
സ്ത്രീയാണെന്ന വ്യാജേന തന്നെ പ്രണയിച്ച് വഞ്ചിച്ചതിനും പിന്തുടർന്ന് ശല്യംചെയ്തതിനുമാണ് ചന്ദൻകുമാറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി.





























