ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കൽ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് ടിവികെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നതിന് സർക്കാർ ഭരണാനുമതി നൽകി. വസ്ത്ര നിർമ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ഗഡുവായി 300 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതുസംബന്ധിച്ചു കൈത്തറി കരകൗശല, വസ്ത്രവകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയ്ക്ക് താങ്ങാകാനായി സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരിൽ നിന്നാണ് മുണ്ടും സാരിയും സർക്കാർ വാങ്ങുന്നത്. ഹാൻഡ്‍ലൂം ഡയറക്ടറേറ്റിൻ്റെ മേൽനോട്ടത്തിലാണ് വസ്ത്ര നിർമ്മാണവും സംഭരണവും നടക്കുന്നത്. വസ്ത്രങ്ങൾ നിർമ്മിച്ച ശേഷം തമിഴ്നാട് സിവിൽ സപ്ലൈസ് കോർപറേഷൻ്റെ വെയർഹൗസുകളിലേക്ക് അവ മാറ്റും.
പദ്ധതി നടത്തിപ്പിനായി 642.88 കോടി രൂപയാണ് സർക്കാർ ചെലവ് കണക്കാക്കുന്നത്. വർഷങ്ങളായി ഒരേ നിലവാരത്തിലുള്ള സാരിയും മുണ്ടുമാണ് പൊങ്കലിന് വിതരണം ചെയ്തുവരുന്നത്. എന്നാൽ അടുത്ത വർഷത്തെ പൊങ്കലിന് പുതിയ തരം സാരിയും മുണ്ടും അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റോക്കുള്ള പഴയ തരം വസ്ത്രങ്ങൾ വാർധക്യ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ദീപാവലിയോട് അനുബന്ധിച്ച് വിതരണം ചെയ്യും





























