ജനീവ: അണുവായുധ നിർമ്മാണം തടയുന്നതിനുള്ള രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വൻ വീഴ്ച വരുത്തിയ ഇറാനെതിരെ നടപടി വേണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) ഐക്യരാഷ്ട്രസഭയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആണവപരിശോധനകളോട് പൂർണ്ണമായും നിസ്സഹകരിക്കുന്ന ഇറാന്റെ നയത്തിനെതിരെ നയതന്ത്രതലത്തിൽ കടുത്ത അമർഷമാണ് ഉയർന്നുവരുന്നത്.
2015ൽ അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളുമായി ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ ആണവ കരാറിന്റെ ഭാഗമായി ഐഎഇഎയുടെ കർശനമായ പരിശോധനകൾക്ക് ഇറാൻ വിധേയമായിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് ഭരണകൂടം കരാറിൽ നിന്ന് പിന്മാറിയതോടെയാണ് സ്ഥിതിഗതികൾ കീഴ്മേൽ മറിഞ്ഞത്. ഇതോടെ ഐഎഎഇഎ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാക്കുക, പരിശോധകർക്കെതിരെ അനാവശ്യവും ക്രമരഹിതവുമായ കടുത്ത ശാരീരിക പരിശോധനകൾ നടത്തുക, ആണവകേന്ദ്രങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകുക തുടങ്ങി ഗുരുതരമായ തടസവാദങ്ങളാണ് ഇറാൻ ഉയർത്തുന്നത്.
അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങളുടെ പരിമിതികൾ വ്യക്തമാക്കുന്നതാണ് ഈ സംഭവവികാസങ്ങൾ. ഈ പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ ഇറാൻ അണുബോംബ് വികസിപ്പിച്ചെടുക്കാൻ 50 ശതമാനത്തോളം സാധ്യതയുണ്ടെന്ന് കാർനെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ ആണവ നയ വിഭാഗം മേധാവിയും ഭൗതികശാസ്ത്രജ്ഞനുമായ ജെയിംസ് ആക്ടൺ വ്യക്താക്കി. ഒരു പുതിയ നയതന്ത്ര സമവായം രൂപപ്പെട്ടാൽ പോലും ഇറാൻ അണുബോംബ് നിർമ്മിക്കുന്നത് തടയുക ഇനി അത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.






























