ദില്ലി: ഇന്ന് ജൂൺ 25. ജനാധിപത്യത്തിനുമേൽ തീരാകളങ്കമായി പതിച്ച അടിയന്തിരാവസ്ഥയുടെ ഓർമയ്ക്ക് 49 വയസ്. 1975 ൽ ഈ ദിവസമാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഉരുക്കുവനിത, രാജ്യത്തിന്റെ ഏക വനിതാ പ്രധാനമന്ത്രി- സ്ത്രീകൾ പുറംലോകം കാണാത്ത കാലത്ത് ഇന്ദിരാ ഗാന്ധി നേടിയെടുത്ത വിശേഷണങ്ങൾ ഏറെയാണ്. ഒരു പക്ഷെ രാജ്യചരിത്രത്തിൽ തന്നെ ഏറ്റവും അധികം ഓർക്കപ്പെടുന്ന പേരുകളിൽ ഒന്ന്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരു കറുത്ത അദ്ധ്യായം എഴുതി ചേർത്തിരിക്കുന്നതും ഇതേ പേരിൽ തന്നെ- അടിയന്തരാവസ്ഥ. 49 വർഷങ്ങൾക്കപ്പുറവും കോൺഗ്രസിനെയും ഇന്ദിരയുടെ പിൻഗാമികളെയും നിശബ്ദരാക്കുന്ന, അക്ഷരാർഥത്തിൽ രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്ന്.
1971 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരക്ക് എതിരെ റായ്‌ബറേലിയിൽ മത്സരിച്ച രാജ്നരെയ്ൻ, ഇന്ദിര രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊതുസംവിധാനങ്ങളെ ദുരുപയോഗം ചെയ്തു എന്ന ആരോപണവുമായി അലഹബാദ് ഹൈക്കോടതിയിൽ നൽകിയ കേസ് ആണ് സംഭവങ്ങൾക്ക് തുടക്കം. ഇന്ദിര 6 വർഷത്തേക്ക് പൊതുരംഗത്തു നിന്ന് മാറിനിൽക്കണമെന്ന് കോടതി വിധിച്ചു. വിധിക്കെതിരെ ഇന്ദിര അപ്പീൽ നൽകി. പ്രധാനമന്ത്രിയായി ഇന്ദിരക്ക് തല്ക്കാലം തുടരാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.































