ഫ്ളോറിഡ: കോപ്പ അമേരിക്കയില്‍ കരുത്തരായ ബ്രസീലിന് സമനില കുരുക്ക്. ഗ്രൂപ്പ് ഡിയില്‍ കോസ്റ്ററിക്കയാണ് ബ്രസീലിനെ സമനിലയില്‍ തളച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളിന് പരാഗ്വെയെ മറികടന്നു. ഡാനിയേല്‍ മുനോസ്, ജെഫേഴ്സണ്‍ ലെര്‍മ എന്നിവരാണ് കൊളംബിയയുടെ ഗോള്‍ നേടിയത്. ജൂലിയോ എന്‍സിസോയുടെ വകയായിരുന്നു പരാഗ്വെയുടെ ആശ്വാസഗോള്‍. ജയത്തോടെ കൊളംബിയ ഗ്രൂപ്പില്‍ ഒന്നാമതെത്തി. ബ്രസീല്‍ പിന്നിലുണ്ട്.
കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീലിന് തന്നെയായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ബ്രസീലിന് തന്നെയായിരുന്നു കാനറികള്‍ക്ക് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ ഫിനിഷിംഗിലെ പോരായ്മ ബ്രസീലിനെ വലച്ചു. കോസ്റ്ററിക്കന്‍ പ്രതിരോധവും ഗോള്‍ കീപ്പറും കട്ടയ്ക്ക് നിന്നതോടെ ബ്രസീലിന് സമനില വഴങ്ങേണ്ടിവന്നു. 33-ാം മിനിറ്റില്‍ മര്‍ക്വിഞ്ഞോസിലൂടെ ബ്രസീല്‍ ലീഡെടുത്തതാണ്. എന്നാല്‍ ദീര്‍ഘനേരത്തെ വാര് പരിശോധനയ്ക്ക് ശേഷം ഗോള്‍ നിഷേധിച്ചു.































