ബിജ്നോർ: വനത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വിവാഹിതയായ യുവതിയെയും 19കാരനായ കാമുകനെയും രക്ഷിക്കാനായില്ല. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ ഹുസൈൻപുർ സ്വദേശിയായ ആരതി, ഇവരുടെ കാമുകനായ 19 വയസുകാരൻ ലളിത് എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
രണ്ട് മക്കളുടെ അമ്മയായ ആരതി ഹുസൈൻപുർ ഗ്രാമത്തിൽ ഭർത്താവ് ജഗ്‌മോഹനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവരുടെ വീടിന് സമീപത്ത് താമസിക്കുന്ന ലളിതുമായി ആരതിക്കുണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. ഇരുവരും ഇത് രഹസ്യമായി സൂക്ഷിച്ചെങ്കിലും ബന്ധം നാട്ടിൽ പാട്ടായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
ഒക്ടോബർ പത്തിന് ഇരുവരും വീടും നാടും വിട്ട് ഒളിച്ചോടി. ഇതിന് പിന്നാലെ ആരതിയുടെ ഭർത്താവ് ജഗമോഹൻ ഭാര്യയെ ലളിത് തട്ടിക്കൊണ്ടുപോയെന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് ഇരുവരെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കി. തനിക്ക് ഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞ് ആരതി തിരികെ വീട്ടിലെത്തി. എന്നാൽ ലളിതുമായി ബന്ധം അവസാനിപ്പിച്ചതുമില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഗ്രാമീണരെല്ലാം ദീപാവലി ആഘോഷങ്ങളിൽ മുഴുകിയിരിക്കെയാണ് ഇരുവരും വീണ്ടും വീടുവിട്ടത്. ഗ്രാമത്തിന് അടുത്തുള്ള വനത്തിലേക്ക് പോയ ഇരുവരും ഇവിടെ വച്ച് വിഷം കഴിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പിന്നീട് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രിയിലേക്കും അവിടെ നിന്ന് ബിജ്നോർ മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.































