ഹൈദരബാദ്: പ്രണയം രാജ്യാതിര്‍ത്തികള്‍ ലംഘിക്കുന്ന വിവിധ സംഭവങ്ങള്‍ക്കാണ് അടുത്തിടെയായി രാജ്യം സാക്ഷിയായിട്ടുള്ളത്. ഇത്തരമൊരു സംഭവത്തില്‍ ഫേസ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി വിവാഹം ചെയ്തു. വിഗ്നേശ്വരീയ് ശിവകുമാര എന്ന 25കാരിയാണ് വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തി വിവാഹിതയായത്. ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട സ്വദേശിയായ 28കാരനെയാണ് യുവതി വിവാഹം ചെയ്തത്. ഓഗസ്റ്റ് 6ന് വിസാ കാലാവധി അവസാനിക്കുന്ന യുവതിക്ക് ചിറ്റൂര്‍ ജില്ലാ പൊലീസ് ഇത് വ്യക്തമാക്കി നോട്ടീസ് അയച്ചിട്ടുണ്ട്.സമൂഹമാധ്യമങ്ങളില്‍ വിവാഹ വിവരം വൈറലായതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് അയച്ചത്. ജൂലൈ 8ാം തിയതിയാണ് യുവതി ആന്ധ്ര പ്രദേശിലെത്തിയത്. ജൂലൈ 20നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. 2017ലാണ് ഇവര്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാവുന്നത്. യുവാവിന്‍റെ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് വിവാഹമെന്നാണ് വിവരം. വിസ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ യുവതിയുള്ളത്. ഭാവിയില്‍ പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. ഇന്ത്യന്‍ പൌരത്വം ലഭിക്കാനുള്ള നടപടി ക്രമങ്ങളേക്കുറിച്ച് ഡിഎസ്പി യുവതിയോട് വ്യക്തമാക്കിയിട്ടുണ്ട്.