ലണ്ടൻ: ചികിത്സയ്ക്കിടെ രോഗിയോടു ലൈംഗികാതിക്രമം കാണിച്ച മലയാളി ഡോക്ടര്‍ സൈമണ്‍ എബ്രഹാമിന് (34) ബ്രിട്ടീഷ് കോടതി ജയില്‍ശിക്ഷ വിധിച്ചു.18 മാസത്തെ ജയില്‍വാസമാണ് വിധിച്ചത്. ഇംഗ്ലണ്ടിലെ ഈസ്റ്റ്ബോണ്‍ ജില്ല ജനറല്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്നപ്പോഴാണ് ഇയാള്‍ രോഗിയോട് അതിക്രമം കാട്ടിയത്.
കടുത്ത തലവേദനയ്ക്ക് ചികിത്സതേടിയെത്തിയ സ്ത്രീയാണ് അതിക്രമത്തിനിരയായത്. ഇയാളുടെ പേര് 10 വര്‍ഷത്തേക്ക് ലൈംഗികകുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താൻ ചിചെസ്റ്റര്‍ ക്രൗണ്‍ കോടതി സസെക്സ് പോലീസിനോടു നിര്‍ദേശിച്ചു.
2020 ഒക്ടോബറില്‍ ഈസ്റ്റ്‌ബോണ്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ കടുത്ത തലവേദനയ്ക്ക് ചികിത്സയിലായിരുന്ന യുവതിയുടെ രോഗത്തെക്കുറിച്ച് സഹപ്രവര്‍ത്തകനില്‍നിന്ന് അറിഞ്ഞ ഡോ. സൈമണ്‍, ചികിത്സ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍നിന്ന് രണ്ടുവര്‍ഷം തിരുമ്മല്‍ പഠിച്ചിട്ടുണ്ടെന്നും വീട്ടിലെത്തി ചികിത്സിക്കാമെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ, തിരുമ്മലിനായി നിയോഗിച്ചു. ഇതിനിടെയാണ്, ലൈംഗികമായി ആക്രമിച്ചത്.
സ്ത്രീ തന്നെയാണ് വിഷയം ആശുപത്രിയെ അറിയിക്കുന്നതും പൊലീസില്‍ പരാതിപ്പെടുന്നതും. ഇവരുടെ തലവേദനയെ സൈമണ്‍ മുതലെടുക്കുകയായിരുന്നുവെന്ന് സസെക്സ് പൊലീസ് പറഞ്ഞു. അറസ്റ്റിലായപ്പോള്‍ കുറ്റങ്ങളെല്ലാം സൈമണ്‍ നിഷേധിച്ചു. പിന്നീടുള്ള ചോദ്യംചെയ്യലിലാണ് സമ്മതിച്ചത്. അഞ്ച് വര്‍ഷത്തേക്ക് ഇരയുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നത് വിലക്കുന്ന നിരോധന ഉത്തരവും ഡോക്ടര്‍ക്കെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.