ലണ്ടൻ: യുകെയിലെ ലക്ഷക്കണക്കിന് യുവാക്കൾ തങ്ങളുടെ പേരിൽ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വലിയൊരു തുകയെക്കുറിച്ച് അറിവില്ലാതെ പോകുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടിഷ് നികുതി വകുപ്പായ എച്ച്എംആർസി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 7.5 ലക്ഷത്തിലധികം യുവാക്കൾക്കാണ് ഇത്തരത്തിൽ പണം ലഭിക്കാനുള്ളത്. ശരാശരി 2,242 പൗണ്ട് (ഏകദേശം 2.4 ലക്ഷം രൂപ) വീതം ഓരോരുത്തർക്കും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്താണ് ചൈൽഡ് ട്രസ്റ്റ് ഫണ്ട് ?
2002 സെപ്റ്റംബർ 1നും 2011 ജനുവരി 2നും ഇടയിൽ ജനിച്ച കുട്ടികൾക്കായി യുകെ സർക്കാർ ആരംഭിച്ച ദീർഘകാല സമ്പാദ്യ പദ്ധതിയാണിത്. ഈ കാലയളവിൽ ജനിച്ച കുട്ടികൾക്ക് സർക്കാർ പ്രാരംഭ നിക്ഷേപമായി 250 പൗണ്ട് മുതൽ 500 പൗണ്ട് വരെ നൽകിയിരുന്നു. രക്ഷിതാക്കൾ അക്കൗണ്ട് തുടങ്ങാൻ മറന്നുപോയ സാഹചര്യങ്ങളിൽ സർക്കാർ തന്നെ കുട്ടികളുടെ പേരിൽ അക്കൗണ്ടുകൾ തുറന്നു നൽകിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
നിലവിൽ 15 മുതൽ 23 വയസ്സ് വരെ പ്രായമുള്ളവർക്കാണ് ഇത് ലഭിക്കുക. (2002 സെപ്റ്റംബർ 1 – 2011 ജനുവരി 2 കാലയളവിൽ ജനിച്ചവർ). ശരാശരി 2,242 പൗണ്ട്. ചില അക്കൗണ്ടുകളിൽ 10,000 പൗണ്ടിൽ (10.5 ലക്ഷം രൂപ) അധികം തുകയുമാണുള്ളത്. കുട്ടിക്ക് 16 വയസ്സ് തികയുമ്പോൾ അക്കൗണ്ട് കൈകാര്യം ചെയ്യാം. 18 വയസ്സ് തികയുമ്പോൾ പണം പിൻവലിക്കാനോ ഐഎസ്എ (ISA) പോലുള്ള മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റാനോ സാധിക്കും.
നിങ്ങളുടെ അക്കൗണ്ട് എങ്ങനെ കണ്ടെത്താം?
പല മലയാളി കുടുംബങ്ങളും വർഷങ്ങൾക്കു മുൻപ് തുടങ്ങിയ ഈ അക്കൗണ്ടിനെക്കുറിച്ച് മറന്നുപോയിട്ടുണ്ടാകാം. താഴെ പറയുന്ന ലളിതമായ ഘട്ടങ്ങളിലൂടെ ഇത് കണ്ടെത്താം:
∙ GOV.UK സന്ദർശിക്കുക: ഗവൺമെന്റ് വെബ്സൈറ്റിൽ ‘Find my Child Trust Fund’ എന്ന് സെർച്ച് ചെയ്യുക.
∙ വിവരങ്ങൾ നൽകുക: നിങ്ങളുടെ നാഷനൽ ഇൻഷുറൻസ് നമ്പറും (National Insurance Number) ജനനത്തീയതിയും നൽകി അപേക്ഷ സമർപ്പിക്കുക.
∙ മറുപടി: ഏകദേശം മൂന്ന് ആഴ്ചയ്ക്കുള്ളിൽ നിങ്ങളുടെ പണം ഏത് ബാങ്കിലോ ബിൽഡിങ് സൊസൈറ്റിയിലോ ആണ് ഉള്ളതെന്ന് എച്ച്എംആർ.സി അറിയിക്കും.
∙ ബാങ്ക് വിവരങ്ങൾ: തുടർന്ന് ബന്ധപ്പെട്ട ബാങ്കുമായി ബന്ധപ്പെട്ട് തുക ക്ലെയിം ചെയ്യാവുന്നതാണ്.
ഈ പണം കണ്ടെത്താൻ ആർക്കും ഫീസ് നൽകേണ്ടതില്ല. ഗവൺമെന്റ് വെബ്‌സൈറ്റ് വഴി ഇത് തികച്ചും സൗജന്യമായി ചെയ്യാവുന്നതാണ്. മൂന്നാം കക്ഷി ഏജൻസികളെ ഇതിനായി സമീപിക്കാതിരിക്കുക. പണം ക്ലെയിം ചെയ്യാതെ നീണ്ടുപോയാൽ അക്കൗണ്ട് മാനേജ്‌മെന്റ് ചാർജ് ഇനത്തിൽ പണം കുറയാൻ സാധ്യതയുണ്ട്. അതിനാൽ എത്രയും വേഗം പരിശോധിക്കുന്നത് ഉചിതമായിരിക്കും. യുകെയിലെ മലയാളി സമൂഹത്തിൽ ഈ പ്രായപരിധിയിലുള്ള മക്കളുള്ളവർ ധാരാളമുണ്ട്. അതിനാൽ രക്ഷിതാക്കൾ മക്കളുടെ നാഷനൽ ഇൻഷുറൻസ് നമ്പർ ഉപയോഗിച്ച് ഈ പരിശോധന നടത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.































