തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവ് വരുത്തി പുതിയ സർക്കുലർ ഇന്ന് ഇറങ്ങും. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളും ഇന്ന് മുതൽ മാറും. തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നിൽ വിട്ടുവീഴ്ചക്ക് തയ്യാറായ ഗതാഗത മന്ത്രി ഇന്നലെ തന്നെ ഭേദഗതി വരുത്തിയ കരടിന് അംഗീകാരം നൽകിയിരുന്നു. ഇത് പ്രകാരമുള്ള പുതിയ സർക്കുലർ ഇന്ന് ഇറങ്ങും. പ്രതിഷേധത്തിന് മുന്നിൽ പിന്നോട്ടില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സമരം തീർക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നു. എന്നാൽ പുതിയ തീരുമാനങ്ങളിലും സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകൾ തൃപ്തരല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ സമരം തുടരണോ വേണ്ടയോ എന്നതിൽ ഇന്നാകും സി ഐ ടി യുവിന്‍റെ നിർണായക പ്രഖ്യാപനമുണ്ടാകുക.






























