തൃശൂര്‍: മൂന്നുവര്‍ഷം മുമ്പ് എടുത്ത ഫോട്ടോയില്‍ തന്റെ പുരികം മോശമായി എന്ന് പറഞ്ഞ് സ്റ്റുഡിയോയില്‍ കയറി ഉടമയ്ക്ക് നേരേ യുവാവിന്റെ ആക്രമണം. തൃശൂരില്‍ മണ്ണുത്തിക്കടുത്ത് പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മണീസ് സ്റ്റുഡിയോ ഉടമയ്ക്ക് നേരേയാണ് യുവാവിന്റെ ആക്രമണം നടന്നത്. ചെമ്പൂത്ര ചെറുവാറ വീട്ടില്‍ മണീസ് എന്ന വിളിക്കുന്ന മണികണ്ഠനെയാണ് മുല്ലക്കര സ്വദേശി അശ്വിന്‍ (21) ആക്രമിച്ചത്. ഇയാള്‍ മാനസിക രോഗിയാണെന്നാണ് നിഗമനം.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 -ഓടുകൂടി കടയില്‍ കയറിവന്ന അശ്വിന്‍ മൂന്നുവര്‍ഷം മുമ്പ് എടുത്ത ഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോ എടുത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ തന്റെ പടത്തില്‍ പുരികം മോശമായെന്നും തന്റെ അച്ഛന്റെ അടുത്തേക്ക് വരണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മണീസ് അത് നിരസിക്കുകയായിരുന്നു. പെട്ടെന്ന് പ്രകോപിതനായ ഇയാള്‍ മേശപ്പുറത്ത് ഇരുന്ന കത്രിക എടുത്ത് മണികണ്ഠനനെ കുത്താന്‍ ശ്രമിച്ചു.കത്രിക തടയാന്‍ ശ്രമിക്കുന്നതിനിടെ മണികണ്ഠന് കൈയില്‍ പോറലേറ്റു. ഇതിനിടെ നിലത്തുവീണ മണീസിനെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ തൊട്ടടുത്ത വ്യാപാരികള്‍ വന്ന് പിടിച്ചുവച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും പീച്ചി പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റുഡിയോക്കുള്ളില്‍ നടന്ന ആക്രമണത്തില്‍ കാമറയ്ക്കും ഫ്രെയിം ചെയ്ത ഫോട്ടോകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം 50,000 രൂപ നഷ്ടം വന്നതായി മണീസ് പറഞ്ഞു.