കാൻബറ: ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പിന്റ കെട്ടിടങ്ങളിൽ നിന്ന് ചൈനീസ് നിർമിത നിരീക്ഷണ കാമറകൾ നീക്കം ചെയ്യാൻ തീരുമാനം. സുരക്ഷാവീഴ്ച ഒഴിവാക്കാനാണിതെന്നാണ് പ്രതിരോധമന്ത്രി റിച്ചാർഡ് മാർലസ് പറഞ്ഞത്. കാമറയിൽ പതിയുന്ന വിവരങ്ങൾ ചാരപ്പണിക്ക് ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയെ തുടർന്നാണ് നടപടി.
പ്രതിരോധം, വിദേശകാര്യം, സാമ്പത്തികകാര്യം തുടങ്ങിയ ഓസ്ട്രേലിയയിലെ 250 സർക്കാർ കെട്ടിടങ്ങളിലായി 913 ചൈനീസ് നിർമിത കാമറകൾ സ്ഥാപിച്ചിട്ടുള്ളതായി നേരത്തേ കണ്ടെത്തിയിരുന്നു. ഭാഗികമായി ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹാംഗ്ഷൗ ഹൈക്വിഷൻ ഡിജിറ്റൽ ടെക്നോളജി, ദാഹുവ ടെക്നോളജി എന്നീ കമ്പനികൾ ഉത്പാദിപ്പിച്ച കാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടിയോട് ചൈന പ്രതികരിച്ചിട്ടില്ല. ദേശസുരക്ഷ കണക്കിലെടുത്തുള്ള നടപടിയിൽ ചൈനയുടെ പ്രതികരണം എന്തായാലും പ്രശ്നമില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി. നേരത്തേ അമേരിക്കയും ബ്രിട്ടനും സമാനനടപടികൾ എടുത്തിരുന്നു.