ദില്ലി: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി. ന്യൂനപക്ഷ സംരക്ഷണത്തിൽ ഇന്ത്യയ്ക്കുള്ള പരോക്ഷ വിമർശനം അനാവശ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹിന്ദുക്കളുടെ സുരക്ഷയിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ തുടർ നടപടി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബംഗ്ലാദേശിൽ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിൽ ഇന്നലെ ഇന്ത്യയുടെ പ്രസ്താവനയെ എതിർത്ത് ബംഗ്ലാദേശ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രസ്താവനയിലാണ് ഇന്ത്യയ്ക്ക് അതൃപ്തി. പ്രധാനമന്ത്രിയും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ബംഗ്ലാദേശിലെ സാഹചര്യം മോശമായി തുടരുകയാണ്. ആഭ്യന്തരം സംഘര്‍ഷം വ്യാപകമായി തുടരുകയാണ്. ഇതിനിടെയാണ് ഇരുരാജ്യങ്ങള്‍ തമ്മിലും അസ്വാരസ്യങ്ങളുണ്ടാകുന്നത്.
അതേസമയം, ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലെത്തിയതായി തെളിവില്ലെന്ന് വീണ്ടും ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. ബംഗ്ലാദേശിലെ ചില മാധ്യമങ്ങളും ഇന്ത്യ വിരുദ്ധ സംഘടനകളും ഈ പ്രചാരണം നടത്തുന്നതിനിടെയാണ് പൊലീസ് വിശദീകരണം. ഹാദിയെ വധിച്ച ഫൈസൽ കരീം ഇന്ത്യയിൽ മഹാരാഷ്ട്രയിൽ എത്തിയെന്ന് വരെ ചില ബംഗ്ലാദേശ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇന്ത്യ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ചും ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും വ്യക്തമാക്കിയുള്ള ഇന്ത്യയുടെ പ്രസ്താവനയ്ക്കുള്ള ബംഗ്ലാദേശിന്‍റെ മറുപടിയിലാണ് കടുത്ത അതൃപ്തി. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആക്രമിച്ചുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ പ്രസ്താവനയിൽ തള്ളിയിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രസ്താവന അംഗീകരിക്കാതെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന് അടുത്ത് ആള്‍ക്കൂട്ടമെത്തിയത് ആശങ്കയായുണ്ടാക്കുന്നതാണെന്നാണ് ബംഗ്ലാദേശ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണജനകമായ പ്രചാരണമെന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും ഹിന്ദു യുവാവിന്‍റെ കൊലപാതകം ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമമായി ചിത്രീകരിക്കരുതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പിൽ പറയുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തെക്കനേഷ്യൻ രാജ്യങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.































