ദില്ലി : ഭാരത് വിവാദത്തിലൂടെ ദേശീയത ഉയർത്തി വോട്ടു നേടാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ജി20 പ്രതിനിധികൾക്ക് നൽകിയ കാർഡുകളിലും ഭാരത് എന്ന് രേഖപ്പെടുത്തി. ഭരണഘടന അംഗീകരിച്ച വാക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സര്‍ക്കാര്‍ ന്യായീകരിച്ചപ്പോൾ ബിജെപി വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിക്ഷം തിരിച്ചടിച്ചു.
പ്രസിഡന്‍റ് ഓഫ് ഭാരത്, പ്രൈമിനിസ്റ്റര്‍ ഓഫ് ഭാരത് എന്നു തുടങ്ങി ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക രേഖകളിലെല്ലാം ഭാരത് പ്രയോഗം സര്‍ക്കാര്‍ വ്യാപകമാക്കി കഴിഞ്ഞു. ജി20യുടെ പ്രതിനിധി കാര്‍ഡുകളില്‍ ഭാരത് ഒഫീഷ്യല്‍സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവം ദേശീയതക്ക് വിഷയമായെങ്കില്‍ ഇതേ വികാരം ഉണര്‍ത്താന്‍ സര്‍ക്കാര്‍ ഇക്കുറി ഭാരതിനെ ആയുധമാക്കുകയാണ്. പാര്‍ലമെന്‍റില്‍ ചെങ്കോല്‍ സ്ഥാപിച്ച് ഹിന്ദുത്വ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഭാരത് ചര്‍ച്ച സജീവമാക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി കൂടിയാണ് ബിജെപി ഈ തന്ത്രം പുറത്തെടുക്കുന്നത്. മണിപ്പൂര്‍ കലാപം, അദാനി വിഷയം, വിലക്കയറ്റം ഇവയൊക്കെ തിരിച്ചടിയാകുമ്പോള്‍ ദേശീയ വികാരം ഉയര്‍ത്തി പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുക കൂടിയാണ് ബിജെപി. ഭാരത് എന്ന പ്രയോഗം നൂറ്റാണ്ടുകള്‍ക്ക് മുന്‍പേയുള്ളതാണെന്നും, പ്രതിപക്ഷം ഭരണഘടന വായിച്ച് നോക്കണമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പ്രതികരിച്ചു.
അതേ സമയം കൂട്ടായ ചര്‍ച്ച നടത്താതെ ‘ഭാരത്’ എന്ന പ്രയോഗം നടപ്പിലാക്കുന്നതിനെ പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷ നീക്കം. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ കരുനീക്കമാണെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു. ബിജെപി മന്ത്രിമാർ തന്നെ ഭാരത് പ്രയോഗം സജീവമാക്കിയതിനു ശേഷം സംഘപരിവാർ വക്താക്കൾ ഇതിനെ പിന്തുണച്ചെത്തിയത് ആർഎസ്എസ് ഇടപെടലിൻറെയും സൂചനയായി. വിജയിക്കാൻ ഹിന്ദുത്വ പ്രീണന നയത്തിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ജി 20 കഴിയുന്നതോടെ ശക്തമാക്കാനാണ് സാധ്യത.