ജനീവ: ഇറാൻ – അമേരിക്ക ചർച്ച അന്തിമ കരാറിലേക്ക് നീങ്ങുന്നതായി സൂചന. ഇന്നലെ നടന്ന ചർച്ചയിൽ കരാറിന്‍റെ പൊതു തത്വങ്ങളിൽ ധാരണയായി. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കും. തുടർന്നുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും അന്തിമ കരാറിലേക്ക് പോവുക. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്‍റെ ഭാഗമാകുമോയെന്ന് നിലവിൽ വ്യക്തമല്ല. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ആണ് ചർച്ചകൾ നടന്നത്. ഒരു ഭാഗത്ത് ചർച്ചകളും മറുഭാഗത്ത് സൈനികാഭ്യാസങ്ങളും വെല്ലുവിളികളും നടക്കുകയാണ്. ഇറാനെ ആക്രമിച്ചാൽ അമേരിക്കൻ പടക്കപ്പലുകൾ തകർക്കുമെന്നും നിവർന്നു നിൽക്കാൻ കഴിയാത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പരമോന്നത നേതാവ് ഖമനേയി വ്യക്തമാക്കി.
അതേസമയം അമേരിക്കയുമായുള്ള ചർച്ചയിൽ ഇസ്രയേലിന്‍റെ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടത് ഇറാന് ആണവ സംവിധാനമേ പാടില്ല എന്നാണ്. അമേരിക്ക ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ് പ്രായോഗികമാക്കുന്ന സംവിധാനം സജ്ജമാണെന്ന് ഇറാൻ സേനയും വ്യക്തമാക്കി. ഇറാൻ – അമേരിക്ക തുടർ ചർച്ചകളുടെ കാര്യത്തിൽ രണ്ടാഴ്ച്ചക്കകം തീരുമാനമുണ്ടാകും.































