സിഡ്നി: സെന്റർ ഫോർ ഓസ്ട്രേലിയ – ഇന്ത്യ റിലേഷൻസിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സിഡ്നി മലയാളിയായ ടിം തോമസ് നിയമിതനായി. വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ “മൈത്രി സ്കോളർഷിപ്പ്” ഉൾപ്പെടെയുള്ള ഗ്രാന്റുകൾ ഈ വർഷാവസാനം നിലവിൽ വരുന്ന ഈ സെന്ററിന് കീഴിലായിരിക്കും. കൂടാതെ നയപരമായ സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ ബിസിനസ്സ് സാക്ഷരതയും ബന്ധങ്ങളും കെട്ടിപ്പടുക്കുന്നതിനും പ്രവാസി സമൂഹങ്ങളെ ഇടപഴകുന്നതിനും സാംസ്കാരിക ധാരണകൾ ആഴത്തിലാക്കുന്നതിനും ഈ സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കും.
ഓസ്ട്രേലിയയിലെ മെൽബണിൽ താമസക്കാരായ മുട്ടാർ, ചെത്തിക്കാട് വീട്ടിൽ സി.ഒ.തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ് ടിം തോമസ്. തന്ത്രപരമായ നേതൃത്വം, കോർപ്പറേറ്റ് വികസനം, മാനേജ്മെന്റ് റോളുകൾ എന്നിവയിൽ ഏഷ്യ-പസഫിക് മേഖലയിലുടനീളം 20 വർഷത്തിലേറെ സീനിയർ എക്സിക്യൂട്ടീവായി പ്രവർത്തിച്ച അനുഭവമുണ്ട് അദ്ദേഹത്തിന്. അടുത്തിടെ കെപിഎംജി ഓസ്ട്രേലിയയിലെ ഗ്ലോബൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ പങ്കാളിയായിരുന്നു. കൂടാതെ പ്രുഡൻഷ്യൽ ഫിനാൻഷ്യൽ ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ്, മലേഷ്യയിലെ പ്രുഡൻഷ്യലിന്റെ പ്രവർത്തനങ്ങളുടെ സിഇഒ, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ആക്സയുടെ ഇന്ത്യ മാർക്കറ്റ് എൻട്രി ഡയറക്ടർ, ചീഫ് റെപ്രസന്റേറ്റീവ് എന്നീ നിലകളിലായി അദ്ദേഹം നാല് വർഷം ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുണ്ട്.