വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ “പപ്പ’ തിയറ്ററിലേക്ക്. ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം മേയ് 19-ന് തിയറ്ററിലെത്തുന്നത്.
ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ചിത്രമാണ് “പപ്പ’. മുമ്പ് ന്യൂസിലൻഡിൽ ചിത്രീകരിച്ച ഹണ്ട്രട്ട് എന്ന ചിത്രത്തിന്റെ സംവിധാനവും കാമറായും നിർവഹിക്കുകയും രാജീവ് അഞ്ചലിന്റെ ജടായു പാറയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ കാമറാമാനായും പ്രവർത്തിച്ച ഷിബുആൻഡ്രുസിന്റെ പുതിയ ചിത്രമാണ് പപ്പ.
ഗോൾഡൻ എജ് ഫിലിംസും വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ ചിത്രം നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ ചിത്രമായ സെക്കന്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ.മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തിയ അനിൽ ആന്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു.
ന്യൂസിലൻഡിലെ ഒരു മലയാളി കുടുംബത്തിന്റെ കഥയാണ് “പപ്പ’ . പപ്പയും മമ്മിയും ഒരു മകളും മാത്രമുള്ള കുടുംബം. വളരെ സന്തോഷത്തോടെയുള്ള കുടുംബ ജീവിതമായിരുന്നു അവരുടേത് . ഒരു ദിവസം മകളെ കാണാതാവുന്നു. തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിയ്ക്കുന്ന മലയാളികൾക്ക് വലിയൊരു നൊമ്പരമായി “പപ്പ’ എന്ന ചിത്രം മാറുമെന്ന് സംവിധായകൻ ഷിബു ആൻഡ്രൂസ് വിശ്വസിക്കുന്നു. നല്ല ഗാനങ്ങളും വ്യത്യസ്തമായ അവതരണവും “പപ്പ’ എന്ന ചിത്രത്തെ പുതിയൊരു അനുഭവമാക്കി മാറ്റും.
ഗോൾഡൻ ഏജ് ഫിലിംസും, വിൻവിൻ എന്റർടൈൻമെന്റിനും വേണ്ടി വിനോഷ് കുമാർ മഹേശ്വരൻ നിർമ്മിക്കുന്ന പപ്പ, ഷിബുആൻഡ്രൂസ് കഥ, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു. തിരക്കഥ, സംഭാഷണം – അരുദ്ധതി നായർ, ഗാനങ്ങൾ – എങ്ങാണ്ടിയൂർ ചന്ദ്രശേഖരൻ, ദിവ്യശ്രീ നായർ, സംഗീതം – ജയേഷ് സ്റ്റീഫൻ, ആലാപനം – സിത്താര ,നരേഷ് അയ്യർ, നൈഗ സാനു, എഡിറ്റിംഗ്,കളറിംഗ് – നോബിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ – ജീവൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനീജ ജോർജ്, സ്റ്റിൽ – രവിശങ്കർ വേണുഗോപാൽ, സനീഷ് തോമസ്, സുകേഷ് ഭദ്രൻ, പോസ്റ്റർ ഡിസൈൻ – ഒ.സി.രാജു, പിആർഒ – അയ്മനം സാജൻ.
അനിൽ ആന്റോ, ഷാരോൾ, വിനോഷ് കുമാർ, നൈഗ സാനു എന്നിവരോടൊപ്പം ഇംഗ്ലീഷ് താരങ്ങളും അഭിനയിക്കുന്നു.