ബാകു(അസര്ബൈജാന്): ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിന് ഇന്ന് തുടക്കം. ഇന്ത്യയുടെ ആര്.പ്രഗ്നാനന്ദയുടെ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാൾസനാണ്. വൈകീട്ട് 4.15നാണ് മത്സരം തുടങ്ങുക.ചന്ദ്രയാൻ മൂന്നിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിന്റെ വക്കിലുള്ള ഇന്ത്യയുടെ, ദക്ഷിണഭാഗത്തെ തമിഴ്നാട്ടിലുള്ള ഒരു 18കാരൻ പയ്യൻ ലോകം കീഴടക്കാൻ ഇന്നിറങ്ങുമ്പോള്‍ രാജ്യമെങ്ങും ചാന്ദ്രയാന്റെ വിജയത്തിനെന്ന പോലെ പ്രഗ്നാനന്ദയുടെ വിശ്വവിജയത്തിനായും കാതോര്‍ത്തിരിക്കുകയാണ്. പക്ഷെ ചാന്ദ്രയാന്‍ ദൗത്യം പോലെ തന്നെ അത് കുറച്ച് കടുപ്പമാണ്. കാരണം ചെസ് ലോകകപ്പിന്റെ ഫൈനലിൽ ആര്. പ്രഗ്നാനന്ദക്ക് കീഴടക്കാനുള്ളത് മാഗ്നസ് കാൾസനെന്ന മഹാമേരുവിനെ.
ലോകകപ്പിലെ പ്രഗ്നാനന്ദയുടെ വിസ്മയകുതിപ്പിൽ ചെസ് ലോകത്തിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ചെസ് ഇതിഹാസം ബോബി ഫിഷറിനും മാഗ്നസ് കാള്‍സണും ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറിയ പ്രഗ്നാനന്ദ 2005ല്‍ ടൂര്‍ണമെന്റ് നോക്കൗട്ട് ഫോര്‍മാറ്റിലേക്ക് മാറിയശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ്. 2002ലും 2002ലും വിശ്വനാഥന് ആനന്ദ് ലോക ചാമ്പ്യനായത് 24 കളിക്കാരുള്‍പ്പെടുന്ന ലീഗ് കം നോക്കൗട്ട് റൗണ്ടിലൂടെയായിരുന്നു.
നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ പ്രഗ്നാനന്ദ അട്ടിമറിച്ചപ്പോൾ, വല്ലപ്പോഴും സംഭവിക്കുന്നതെന്ന് അട്ടിമറിയെന്ന് കരുതിയവര്‍, സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയും പ്രഗ്നാനന്ദക്ക് മുന്നില്‍ വീണപ്പോൾ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടി. 2022ൽ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിൽ കാൾസനെ തുടര്‍ച്ചയായി മൂന്ന് തവണ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ഫൈനലിന് ഇറങ്ങുമ്പോൾ ഇന്ന് പ്രഗ്നാനന്ദയ്ക്ക് കൂട്ടിനുണ്ട്.
ചെസ്സ് ലോകത്തെ ഏക്കാലത്തേയും മികച്ച താരങ്ങളിലൊരാളായി, 2013 മുതൽ ഒന്നാം റാങ്ക് അലങ്കരിക്കുന്ന കാൾസനാകട്ടെ ആദ്യ ചെസ് ലോകകപ്പ് തേടിയാണ് പ്രഗ്നാനന്ദക്കെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്.