സ്ട്രീറ്റ് ആര്‍ട്ടിന് പേരുകേട്ട ലണ്ടനിലെ ബ്രിക്ക് ലെയ്‌നില്‍ ചൈനീസ് അക്ഷരങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ (സിപിസി) സ്തുതിക്കുന്ന മുദ്രാവാക്യങ്ങള്‍ എഴുതിയത് ചര്‍ച്ചയാകുന്നു.മറ്റ് ചില ചുവരെഴുത്തുകള്‍ മായ്ച്ചുകളയുന്ന തരത്തില്‍ അതിന് മുകളിലായാണ് ഇവ എഴുതിയിരിക്കുന്നത്. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.സ്ട്രീറ്റ് ആര്‍ട്ട് കലാകാരന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും അനുവദിക്കുന്നതിലാണ് ബ്രിക്ക് ലെയ്ന്‍ അറിയപ്പെടുന്നത്. എന്നാല്‍ ചൈനയുടെ ‘കോര്‍ സോഷ്യലിസ്റ്റ് മൂല്യങ്ങള്‍’ എന്ന് അറിയപ്പെടുന്ന ‘സമൃദ്ധി, ജനാധിപത്യം, ഐക്യം, സ്വാതന്ത്ര്യം, സമത്വം, നീതി, നിയമവാഴ്ച, രാജ്യസ്‌നേഹം, സമര്‍പ്പണം, സൗഹൃദം’ എന്നിവ ചൈനയില്‍ ഇല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
സിപിസിയെ പുകഴ്ത്തുന്ന ചുവരെഴുത്തുകളായിരുന്നു അവ. ഈ ചുവരെഴുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ചില സ്ട്രീറ്റ് ആര്‍ട്ടിസ്റ്റുകള്‍ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പരിഹസിച്ചു കൊണ്ടും പുതിയ ചില ചുവരെഴുത്തുകളും എഴുതി ചേര്‍ത്തിട്ടുണ്ട്.സിപിസിയെ ശക്തമായി പിന്തുണയ്ക്കുന്ന ചൈനീസ് പൗരന്മാര്‍ ചുവരെഴുത്തില്‍ അഭിമാനിക്കുന്നതായി പറഞ്ഞു. ഇവ ചൈനീസ് ലക്ഷ്യങ്ങള്‍ മാത്രമല്ല ആഗോള ലക്ഷ്യങ്ങളാണെന്നും അവര്‍ പറഞ്ഞു. അതേസമയം, ഒരാളുടെ സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ചുവരെഴുത്തിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു.
‘നിങ്ങളുടെ ചുവരെഴുത്തുകള്‍ മറ്റുള്ളവരുടെ കലയെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല,’ ഒരു സോഷ്യല്‍ മീഡിയ ഉപഭോക്താവ് പറഞ്ഞു. ‘ബെയ്ജിംഗില്‍ പോയി ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് എഴുതാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? അങ്ങനെ നിങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ മാതൃരാജ്യം നിങ്ങളെ അറസ്റ്റ് ചെയ്യും’ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ചുവരെഴുത്തിനെ പിന്തുണച്ച് രംഗത്തെത്തിയ വാങ് ഹാന്‍ എന്ന കലാകാരൻ തന്റെ ഉദ്ദേശ്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആളുകളുടെ പ്രതികരണം താന്‍ പ്രതീക്ഷിച്ചതിലും കടുത്തതായിരുന്നുഎന്നും ബിബിസിയോട് സംസാരിക്കവെ പറഞ്ഞു.