സിഡ്നി: ഓസ്‌ട്രേലിയയിലെ കോൾസ് സൂപ്പർമാർക്കറ്റ് ശൃംഖലയിൽ ആപ്പിൾ, ഐട്യൂൺസ് ഗിഫ്റ്റ് കാർഡുകളിൽ കൃത്രിമം നടത്തി പണം തട്ടിയെന്ന കേസിൽ 32കാരന് ശിക്ഷ. കോൾസ് സുരക്ഷാ വിഭാഗവും ന്യൂ സൗത്ത് വെയിൽസ് (NSW) പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
2025 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി സിഡ്നിയിലെ വിവിധ കോൾസ് സ്റ്റോറുകളിൽ നിന്ന് പ്രതി ഗിഫ്റ്റ് കാർഡുകൾ എടുത്ത് അവയിൽ കൃത്രിമം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കാർഡുകളിലെ സുരക്ഷാ കോഡുകൾ കൈക്കലാക്കിയ ശേഷം കാർഡുകൾ വീണ്ടും പാക്ക് ചെയ്ത് ഷെൽഫിൽ തിരിച്ചുവയ്ക്കുകയായിരുന്നു രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പിന്നീട് ഉപഭോക്താക്കൾ സാധാരണ രീതിയിൽ ഈ കാർഡുകൾ വാങ്ങി പണം നിറയ്ക്കുമ്പോൾ, കാർഡിൽ ലഭിക്കുന്ന തുക തട്ടിപ്പുകാർ ഉപയോഗിക്കുന്ന തരത്തിലായിരുന്നു കൃത്രിമം നടത്തിയിരുന്നത്.
CCTV ദൃശ്യങ്ങൾ പരിശോധിച്ച കോൾസ് സുരക്ഷാ വിഭാഗം സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തുകയും വിവരം പോലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് NSW പോലീസിന്റെ കാംപ്സി പോലീസ് ഏരിയ കമാൻഡ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ നിന്ന് 47 ഗിഫ്റ്റ് കാർഡുകൾ
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. സിഡ്നിയിലെ ഈസ്റ്റ്വുഡിലുള്ള പ്രതിയുടെ വീട്ടിൽ 2025 മേയ് 9ന് നടത്തിയ പരിശോധനയിൽ 47 ഐട്യൂൺസ് ഗിഫ്റ്റ് കാർഡുകൾ കണ്ടെത്തി. ഓരോ കാർഡിനും 100 മുതൽ 500 ഓസ്‌ട്രേലിയൻ ഡോളർ വരെ മൂല്യമുണ്ടായിരുന്നു.
പ്രതിയുടെ വാഹനത്തിൽ നിന്ന് ഒമ്പത് ഗിഫ്റ്റ് കാർഡുകൾ കൂടി പോലീസ് പിടിച്ചെടുത്തു. ആകെ 61 ആപ്പിൾ, ഐട്യൂൺസ് ഗിഫ്റ്റ് കാർഡുകളാണ് കണ്ടെത്തിയത്. ഇവയുടെ മൊത്തം മൂല്യം 10,000 ഓസ്‌ട്രേലിയൻ ഡോളറിലധികമാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.
കുറ്റം സമ്മതിച്ചതിന് പിന്നാലെ ശിക്ഷ
സാമ്പത്തിക നേട്ടം സത്യസന്ധമല്ലാത്ത രീതിയിൽ നേടിയെന്നതടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 2025 ജൂലൈ 22ന് കോടതി ഇയാളെ കുറ്റക്കാരനായി കണ്ടെത്തി.തുടർന്ന് 15 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷ സസ്‌പെൻഡ് ചെയ്തു. കൂടാതെ രണ്ട് വർഷത്തെ കമ്മ്യൂണിറ്റി കറക്ഷൻസ് ഓർഡറും കോടതി ഏർപ്പെടുത്തി.
ഗിഫ്റ്റ് കാർഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
ഗിഫ്റ്റ് കാർഡ് തട്ടിപ്പുകൾ ഓസ്‌ട്രേലിയയിൽ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാർഡ് വാങ്ങുന്നതിന് മുമ്പ് പാക്കേജിൽ കൃത്രിമം നടന്നിട്ടുണ്ടോ, സുരക്ഷാ കോഡ് പുറത്തായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
ഗിഫ്റ്റ് കാർഡ് തട്ടിപ്പുകൾ തടയുന്നതിനായി റീട്ടെയിലർമാർ, ഗിഫ്റ്റ് കാർഡ് കമ്പനികൾ, ബ്രാൻഡുകൾ, നിയമപാലകർ എന്നിവർ തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.






























