വാലറ്റ: മാലിന്യം വലിച്ചെറിയുകയും പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുകയും ചെയ്ത വിനോദസഞ്ചാരികൾക്കെതിരെ മാൾട്ടയിൽ പിഴ ചുമത്തി .പോലീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂലൈ മുതൽ ഓഗസ്റ്റ് 26 വരെ 130 വിനോദസഞ്ചാരികൾക്കാണ് ഇതുവരെ മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ ചുമത്തിയിട്ടുള്ളത്.ജൂലൈ 8ന് പുതിയ തൽക്ഷണ പിഴ സംവിധാനം നിലവിൽ വന്നതിന് പിന്നാലെയാണ് നടപടി.
പോലീസും ലോക്കൽ എൻഫോഴ്‌സ്‌മെന്റ് സിസ്റ്റം ഏജൻസിയും (LESA) ചേർന്നാണ് നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയൽ, നിശ്ചിത സമയത്തിന് പുറത്ത് മാലിന്യം പുറത്തുവയ്ക്കൽ, പൊതുസ്ഥലത്ത് തുപ്പൽ, മലമൂത്ര വിസർജനം നടത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്.
സെന്റ് ജൂലിയൻസിലാണ് ഏറ്റവും കൂടുതൽ പിഴ രേഖപ്പെടുത്തിയത് — 64 എണ്ണം. സ്വീഖിയിൽ 28 പേർക്കും സ്ലീമയിൽ 16 പേർക്കും പിഴ ചുമത്തി. ബാക്കിയുള്ളവ ഏത് പ്രദേശങ്ങളിലാണ് ചുമത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.ചുമത്തിയ പിഴകളിൽ 123 എണ്ണം സ്ഥലത്തുവെച്ച് തന്നെ അടച്ചതായി പോലീസ് അറിയിച്ചു. ഏഴ് പിഴകൾക്കെതിരെ നിയമപരമായ എതിർപ്പും സമർപ്പിച്ചിട്ടുണ്ട്. പിഴയിനത്തിൽ ലഭിച്ച ആകെ തുക അധികൃതർ പുറത്തുവിട്ടിട്ടില്ല.
മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന കുറഞ്ഞ തൽക്ഷണ പിഴ 25 യൂറോയിൽ നിന്ന് 50 യൂറോയായി ഉയർത്തിയിട്ടുണ്ട്. പൊതുബിന്നുകൾക്ക് സമീപം മാലിന്യം ഉപേക്ഷിക്കൽ, മാലിന്യം ശരിയായ രീതിയിൽ വേർതിരിക്കാതിരിക്കൽ, പൊതുസ്ഥലത്ത് ദ്രാവകങ്ങളോ മറ്റ് വസ്തുക്കളോ ഒഴിക്കൽ, അനധികൃതമായി മാലിന്യം നിക്ഷേപിക്കൽ തുടങ്ങിയവയ്ക്കും പിഴ ചുമത്താം.
സെന്റ് ജൂലിയൻസ് മേയർ ഗ്വിഡോ ഡല്ലി, പിഴ ചുമത്തുന്നത് മാത്രമല്ല മാലിന്യപ്രശ്നത്തിന് പരിഹാരമെന്നും വിനോദസഞ്ചാരികൾക്ക് മാൾട്ടയിലെ മാലിന്യ ശേഖരണ സംവിധാനത്തെക്കുറിച്ച് കൂടുതൽ ബോധവത്കരണം നൽകണമെന്നും ആവശ്യപ്പെട്ടു.
ഹ്രസ്വകാല വാടകയ്ക്ക് നൽകുന്ന താമസസ്ഥലങ്ങളുടെ ഉടമകൾ അതിഥികൾക്ക് മാലിന്യം എങ്ങനെ, എപ്പോൾ പുറത്തുവയ്ക്കണം എന്നതടക്കമുള്ള വിവരങ്ങൾ വ്യക്തമായി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
മാൾട്ടയിലെ പ്രധാന വിനോദസഞ്ചാര മേഖലകളിൽ മാലിന്യം തെറ്റായ രീതിയിൽ ഉപേക്ഷിക്കുന്നതിനെതിരെ അധികൃതർ നടപടി ശക്തമാക്കുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്.


























