മുംബൈ: വൈദ്യുതി ബില്ലുകളുടെ വർധനവ് ഒരു വലിയ ആശങ്കയായി മാറിയിരിക്കുന്ന കാലമാണിത്. വേനൽക്കാലത്ത് എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ വൈദ്യുതി ഉപഭോഗം വർധിപ്പിക്കുമ്പോൾ, ശൈത്യകാലത്ത് ചൂടാക്കൽ ഉപകരണങ്ങൾ വൈദ്യുത ഉപഭോഗം കൂട്ടുന്നു. ഈ പ്രശ്‍നത്തിനൊരു പരിഹാരം ബോംബെ ഐഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുത്തന്‍ സോളാര്‍ സാങ്കേതികവിദ്യ നല്‍കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.
സൗരോർജ്ജ സാങ്കേതികവിദ്യയിലെ ഒരു പ്രധാന മുന്നേറ്റമായി ഐഐടി ബോംബെയിലെ ഗവേഷകർ ഉയർന്ന ശേഷിയുള്ള ടാൻഡം സോളാർ സെൽ വികസിപ്പിച്ചു. ഇത് പരമ്പരാഗത സോളാര്‍ സാങ്കേതികവിദ്യയേക്കാള്‍ ഫലപ്രദമാണ് എന്നാണ് അവകാശവാദം. ഐഐടി ബോംബെയിലെ നാഷണൽ സെന്‍റർ ഫോർ ഫോട്ടോവോൾട്ടെയ്ക് റിസർച്ച് ആൻഡ് എഡ്യൂക്കേഷനിലെ (എൻസിപിആർഇ) പ്രൊഫസർ ദിനേശ് കബ്രയും സംഘവുമാണ് പുത്തന്‍ സോളാര്‍ സെല്‍ വികസനത്തിന് നേതൃത്വം നൽകിയത്. മുകളിലെ പാളിയിൽ ഹാലൈഡ് പെറോവ്‌സ്‌കൈറ്റ് ഉപയോഗിക്കുന്ന ഒരു ‘ടാൻഡം സോളാർ സെൽ’ ആണിത് കുറഞ്ഞ പ്രകാശ സാഹചര്യങ്ങളിൽ പോലും ഉയർന്ന പ്രകാശത്തെ ഇത് ആഗിരണം ചെയ്യുന്നു എന്ന് ഗവേഷകർ പറയുന്നു.
സോളാർ വ്യവസായത്തിൽ ഇതിനകം വ്യാപകമായി ഉപയോഗിക്കുന്ന ഒരു വസ്തുവായ സിലിക്കൺ കൊണ്ടാണ് താഴത്തെ പാളി നിർമ്മിച്ചിരിക്കുന്നത്. ഇത് ഉയർന്ന പവർ ഔട്ട്പുട്ടിന് കാരണമാകുന്നു. പരമ്പരാഗത സാങ്കേതികവിദ്യകളേക്കാൾ 25-30 ശതമാനം കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു നൂതന സോളാർ സെൽ ആണിത്. സാധാരണ സോളാർ പാനലുകൾ സൗരോർജ്ജത്തിന്‍റെ ഏകദേശം 20 ശതമാനം വൈദ്യുതിയാക്കി മാറ്റുമ്പോൾ, ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് 30% വരെ കാര്യക്ഷമത കൈവരിക്കാൻ കഴിയും. പ്രധാനമായും ഇത് വൈദ്യുതിയുടെ വില കുറയ്ക്കുന്നു. യൂണിറ്റിന് 2.5 രൂപ മുതൽ നാല് രൂപ വരെ ആയിരുന്നത് യൂണിറ്റിന് വെറും ഒരു രൂപയായി കുറയാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.































