കാൻബറ: മുതലയുടെ ആക്രമണത്തിൽ മരിച്ചുവെന്നു സംശയിക്കുന്ന പന്ത്രണ്ടുകാരന്റെ മൃതദേഹം ഓസ്ട്രേലിയൻ പോലീസ് കണ്ടെടുത്തു. നോർത്തേൺ ടെറിട്ടറിയിലെ ഡാർവിൻ നഗരത്തിനടുത്ത് ചൊവ്വാഴ്ചയാണു ബാലനെ കാണാതായത്.
ഇവിടെ മുതലയെ കണ്ടിരുന്നതായി പോലീസ് പറഞ്ഞു. പോലീസിനൊപ്പം പ്രദേശവാസികളും തെരച്ചിലിൽ പങ്കുചേർന്നു. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളെ ഓസ്ട്രേലിയയുടെ വടക്കൻ ഭാഗത്തുടനീളം കണ്ടുവരുന്നതാണ്.
അന്യംനിന്നുപോകുമെന്നു കരുതിയ ഇവ 1970ലെ വേട്ടനിരോധനത്തിനുശേഷം പെരുകി. ഇന്ന് നോർത്തേൺ ടെറിട്ടറിയിൽ ഒരു ലക്ഷത്തിനടുത്ത് മുതലകളുണ്ട്. മുതലകൾ മനുഷ്യനെ ആക്രമിക്കുന്നത് പതിവു സംഭവമല്ല.































