ബെംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ ശൂചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ബെൽത്തങ്കടി കോടതിയുടേതാണ് തീരുമാനം. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കും എന്ന എസ്ഐടി വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. ധർമസ്ഥല വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്ഐടി. ചിന്നയ്യയുടെത് ഉൾപ്പെടെ എസ്ഐടി സംഘം പിടിച്ചെടുത്ത 6 ഫോണുകളിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. സുജാത ഭട്ടിനെ രണ്ട് ദിവസം എസ്ഐടി സംഘം ചോദ്യം ചെയ്തിരുന്നു. ചിന്നയ്യക്ക് അഭയ സ്ഥാനമൊരുക്കിയ മഹേഷ് ഷെട്ടി തിമരോടിയുടേയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം 6 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.
ഇതിൽ ചിന്നയ്യയുടെ ഫോണും ഉൾപ്പെട്ടിരുന്നു. ഈ ഫോണുകളിൽ നിന്ന് കണ്ടെത്തിയ വിഡിയോകളിൽ വെളിപ്പെടുത്തലിന് പിന്നിലെ ആസൂത്രണത്തെ കുറിച്ച് സൂചനകൾ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഫോണിലേക്ക് ചിന്നയ്യയെ വിളിച്ചതാരൊക്കെ, ചിന്നയ്യ വിളിച്ചതാരൊക്കെ എന്നീ കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചത്.മഹേഷ് തിമരോടിയുടേയും സഹോദരന്റെയും വീട്ടിൽ ചിന്നയ്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പരിശോധനയും തെളിവെടുപ്പും പുലർച്ചെ വരെ നീണ്ടു.
ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് അനന്യ ഭട്ട് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നിലെന്ന തുറന്നുപറച്ചിലും വിശദമായി അന്വേഷിക്കുന്നുണ്ട്. വ്യാജ വെളിപ്പെടുത്തലിൽ ചിന്നയ്യയെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതൽ അറസ്റ്റുകളിലേക്ക് എസ്ഐടി കടന്നിട്ടില്ല. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണ സംഘം.































