കോഴിക്കോട് മോട്ടർ വാഹന വകുപ്പ് ജുവനൈൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടു നടപ്പാക്കിയ നിയമ നടപടിക്രമം വാഹന വകുപ്പിന്റെ ‘പരിവാഹൻ’ വെബ്സൈറ്റിൽ കഴിഞ്ഞ ദിവസം പ്രാബല്യത്തിലായി.
18 വയസ്സിനു താഴെയുള്ളവർ വാഹനം ഓടിച്ചു നിയമ നടപടിയിൽ ഉൾപ്പെട്ടാൽ പിന്നീട് 25 വയസ്സിനു ശേഷമേ ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ലൈസൻസും ലഭിക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മോട്ടർ വാഹന വെബ്സൈറ്റിൽ സോഫ്റ്റ്വെയർ അപ്ഡേഷൻ നടപ്പാക്കിയത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ ആ വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാൻ പാടില്ലെന്നാണ് പരിഷ്കരിച്ച നിയമത്തിൽ പറയുന്നത്.
2021 ൽ പരിഷ്കരിച്ച നിയമ പ്രകാരം ജുവനൈൽ കുറ്റകൃത്യം നടന്നാൽ പൊലീസോ എംവിഡിയോ കുട്ടിക്കെതിരെ നിയമ നടപടിയെടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കും. എന്നാൽ പരിവാഹൻ വെബ്സൈറ്റിൽ നടപടി ക്രമം ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇത്തരം നടപടിയിൽ ഉൾപ്പെട്ടവർ സംസ്ഥാനത്തു നിന്നോ, ഇതര സംസ്ഥാനത്തു നിന്നോ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ സോഫ്റ്റ്വെയർ അപ്ഡേഷൻ വന്നതോടെ നിയമനടപടിയിൽ കുടുങ്ങിയ കുട്ടികൾക്ക് ഇന്ത്യയിൽ ഒരു സ്ഥലത്തു നിന്നും ഡ്രൈവിങ് ലൈസൻസ് എടുക്കാൻ കഴിയില്ല.
ജുവനൈൽ കുറ്റകൃത്യം നടന്നാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു 25,000 രൂപ വരെ പിഴശിക്ഷ ലഭിക്കും. മാത്രമല്ല രക്ഷിതാവിനു പരമാവധി 3 വർഷം വരെ തടവുശിക്ഷയും 25,000 രൂപ പിഴ വേറെയും ലഭി ക്കും. നിയമ ലംഘനം നടത്തിയതിനു 12 മാസത്തേക്കു വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കും. 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്കു ശിക്ഷയ്ക്ക് അർഹതയുണ്ടായിരിക്കുമെന്നാണു നിയമം.































