മെൽബൺ: വികസിത രാജ്യങ്ങളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതൽ പണം ചിലവാക്കേണ്ടി വരുന്ന രാജ്യമായി ഓസ്‌ട്രേലിയ മാറിയെന്ന് പുതിയ റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് (The Australia Institute) പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്.
ഒരു കുട്ടിക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം നൽകാൻ ഓസ്‌ട്രേലിയൻ കുടുംബങ്ങൾ പ്രതിവർഷം ശരാശരി 4,967 ഡോളർ ചിലവാക്കുന്നു. ഇത് ഒഇസിഡി (OECD) രാജ്യങ്ങളിലെ ശരാശരിയുടെ നാലിരട്ടിയാണ്. ഓസ്‌ട്രേലിയയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ 40 ശതമാനത്തിലധികം പേരും സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. ചില പ്രമുഖ സ്വകാര്യ സ്‌കൂളുകളിൽ വാർഷിക ഫീസ് 55,000 ഡോളർ വരെയായി ഉയർന്നിട്ടുണ്ട്.
സർക്കാർ സ്‌കൂളുകളിലെ വർധന: പബ്ലിക് സ്‌കൂളുകളിലെ പഠനവും ഇപ്പോൾ സാമ്പത്തികമായി വലിയ ബാധ്യതയാണ്. മെട്രോ നഗരങ്ങളിൽ ഒരു കുട്ടിയെ 13 വർഷം സർക്കാർ സ്‌കൂളിൽ പഠിപ്പിക്കാൻ ശരാശരി 1.13 ലക്ഷം ഡോളറിന് മുകളിൽ ചിലവ് വരുന്നു. ഇതിൽ യൂണിഫോം, പാഠപുസ്തകങ്ങൾ, ക്യാമ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ ചിലവുകൾ ഉൾപ്പെടുന്നു.
ഉയർന്ന ജീവിതച്ചെലവിനൊപ്പം വിദ്യാഭ്യാസ ചെലവും വർധിക്കുന്നത് പല കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തിക ഭാരം കാരണം പല ദമ്പതികളും രണ്ടാമതൊരു കുട്ടി വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.































